മുഖക്കുരുവും പാടുകളും മങ്ങിയിട്ടും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം കുറഞ്ഞില്ലേ?. ഇത്തരം ഇരുണ്ട ചർമ്മം തന്നെ ചുണ്ടിലും കഴുത്തിലും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?. ചർമ്മ സംരക്ഷണം, മുഖസൗന്ദര്യം എന്നിവയിൽ അതീവ ശ്രദ്ധ പുലർത്തുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണിവ. ഉറക്ക കുറവ്, സമ്മർദ്ദം, നിർജ്ജലീകരണം, ഭക്ഷണശീലം, ജീവിത ശൈലി എന്നിവയാകാം ഇതിനു കാരണം. ഇവ അകറ്റുന്നതിനായി ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
എന്നാൽ അവ ശാശ്വതമായ പരിഹാരമാകണം എന്ന് നിർബന്ധമില്ല. അത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പായി ഒന്ന് ശ്രദ്ധിച്ചാൽ വീട്ടിൽ അടുക്കളയിൽ തന്നെ ഇത്തരം ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാൻ സാധിക്കും. ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും അവയിൽ പ്രധാന ചേരുവകളാണ്.
പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജറ്റാണ് ഉരുളക്കിഴങ്ങ്. അത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന സഹായിക്കുന്നു. ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കിൽ അരച്ചെടുത്ത് കൺതടങ്ങളിൽ പുരട്ടുകയോ ചെയ്യാവുന്നതാണ്. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ഉരുളക്കിഴങ്ങിൻ്റെ നീരും വെള്ളരി നീരം ചേർത്ത് യോജിപ്പിച്ച് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം.
ചർമ്മാരോഗ്യത്തിന് പ്രധാനമായും വേണ്ട പോഷകമാണ് വിറ്റാമിൻ സി. ആൻ്റി ഓക്സിഡൻ്റ് ധാരാളം അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട്
ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും. ബീറ്റ്റൂട്ട് അരച്ച് നീര് അരിച്ചെടുക്കുക. അതിലേക്ക് അൽപ്പം തേനും പാലും ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം ഒരു പഞ്ഞിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 10 മിനിറ്റ് ഇങ്ങനെ വിശ്രമിക്കുക. ഇത് പതിവായി ചെയ്യുന്നത് കൺതടങ്ങളിലെ കറുപ്പ് നിറം മങ്ങാൻ ഗുണം ചെയ്യും.
രണ്ട് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസിലേക്ക് രണ്ട് ടീസ്പൂൺ തക്കാളി അരച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കഴുത്തിൽ പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് കഴുത്തിലെ കറുപ്പി നിറം അകറ്റാൻ മികച്ച പ്രതിവിധിയാണ്. ചുണ്ടിലെ കറുപ്പ് നിറം അകറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്. ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ബീറ്റ്റൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുത്തതിനു ശേഷം ഇവ ചുണ്ടിൽ മസാജ് ചെയ്യാൻ ഉപയോഗിക്കാം.