Health

യോഗ ഏത് സമയത്ത് ചെയ്യണം?

യോഗ ഇന്ന് ലോകം അംഗീകരിച്ച വ്യായാമമുറയാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള കഴിവ് യോഗയ്ക്കുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നത് ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴികൂടിയാണ്. യോഗ ശാസ്ത്രമനുസരിച്ച് ബ്രഹ്മ മുഹൂര്‍ത്തം, സൂര്യോദയം, ഉച്ചസമയം, സൂര്യാസ്തമയം തുടങ്ങിയ സമയങ്ങളില്‍ ചെയ്യാവുന്ന ചില കാര്യങ്ങളും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുമുണ്ട്.

ആത്മീയ വളര്‍ച്ചയ്ക്കായി യോഗ തിരഞ്ഞെടുത്തിട്ടുള്ളവര്‍ ബ്രഹ്മ മുഹൂര്‍ത്തമാണ് യോഗ പരിശീലനത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ശാരീരിക ക്ഷമത മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ സൂര്യോദയമോ സൂര്യാസ്തമയമോ നിങ്ങള്‍ക്ക് യോഗ ചെയ്യാനായി തിരഞ്ഞെടുക്കാം. ഉച്ചസമയം യോഗ ചെയ്യാന്‍ അത്ര അനുയോജ്യമായ സമയമല്ല. കഴിച്ച ഭക്ഷണം ശരിയായി ദഹിച്ച ശേഷമേ യോഗ ചെയ്യാവൂ. ഉച്ചയ്ക്ക് യോഗ ചെയ്താല്‍ അമിതമായി വിയര്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ചിലപ്പോള്‍ ശരീരത്തിന്റെ നിര്‍ജ്ജലീകരണത്തിനും വഴിവെച്ചേക്കാം.

ബ്രഹ്മ മുഹൂര്‍ത്തം തന്നെയാണ് യോഗ പരിശീലിക്കാനും ദിവസം ആരംഭിക്കാനും ഏറ്റവും ഉചിതമായ സമയം. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ ആരംഭിക്കുന്നവരില്‍ സാത്വിക ഗുണം കൂടുതലായി ഉണ്ടാകും. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന ഏത് പ്രവൃത്തിക്കും ഫലസിദ്ധിയും കൂടുതലായിരിക്കും. പക്ഷേ ജോലിഭാരവും ക്ഷീണവും മൂലം ഉറക്കം വിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പലര്‍ക്കും അതത്ര പ്രായോഗികമായ സമയം ആവാറില്ല. അങ്ങനെയുള്ളവര്‍ക്ക് അനുയോജ്യമായ സമയം അവര്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. കിട്ടുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തി യോഗയില്‍ പ്രാവീണ്യം നേടിയെടുക്കുക.
യോഗാസനങ്ങള്‍ സൂര്യോദയ സമയത്തോ സൂര്യാസ്തമയത്തിന് മുന്‍പോ വെറും വയറോടെ ചെയ്യാവുന്നതാണ്. കഠിനമായ യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായിരിക്കാനും ശരീരത്തിന് വഴക്കം ലഭിക്കാനും യോഗാസനങ്ങള്‍ രാവിലെ പരിശീലിക്കുന്നതാണ് ഉത്തമം

പ്രാണായാമവും പരിശീലിക്കാന്‍ യോജിച്ച സമയം രാവിലെയോ വൈകുന്നേരമോ തന്നെയാണ്. ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രാണായാമം പരിശീലിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം ശരിയായി ദഹിക്കാതെ പ്രാണായാമം ചെയ്താല്‍ ശരീരത്തിന് അസ്വസ്ഥത അനുഭവപ്പെടും. മെഡിറ്റേഷന്‍ നിങ്ങള്‍ക്ക് ഏത് സമയത്തും പരിശീലിക്കാവുന്നതാണ്. ശരീരത്തിന് സ്വസ്ഥതയും മനസ്സിന് ഉണര്‍വ്വും ഉള്ള സമയങ്ങള്‍ മെഡിറ്റേഷന് അനുയോജ്യമാണ്. ഉറക്കം വരാനുള്ള സാധ്യത ഉള്ളതിനാല്‍ ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷമുള്ള സമയം മെഡിറ്റേഷന്‍ പരിശീലിക്കാനായി തിരഞ്ഞെടുക്കുക. യോഗനിദ്ര ഏത് സമയത്തും ചെയ്യാവുന്നതാണ്. ഭക്ഷണം കഴിച്ച ഉടനെ വേണമെങ്കിലും യോഗനിദ്ര പരിശീലിക്കാം.

യോഗാസനങ്ങള്‍ ശരീര ദൃഢതയ്ക്കും വഴക്കത്തിനും വേണ്ടിയാണെങ്കില്‍ പ്രാണായാമം ശരീരത്തിന് ലഘുത്വവും ശുദ്ധിയും നല്‍കുന്നു. ശരീരത്തിലെ ധാതുക്കളെ വര്‍ദ്ധിപ്പിക്കാനും അവയെ ബാലന്‍സ് ചെയ്യാനും യോഗയ്ക്ക് കഴിവുണ്ട്. ഓഫീസിലെയും വീട്ടിലെയും ജോലികളോട് ഒരു പുതിയ സമീപനം സൃഷ്ടിക്കാന്‍ യോഗ നിങ്ങളെ സഹായിക്കും. യോഗയുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ പറയുന്നത് ബ്രഹ്മ മുഹൂര്‍ത്തത്തില്‍ യോഗ ചെയ്യാന്‍ ആണ്. കായിക വ്യായാമം എന്നതില്‍ ഉപരിയായി ഒരു ആത്മീയ വ്യായാമം കൂടിയാണ് യോഗ. മോക്ഷപ്രാപ്തിക്കായി യോഗ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്ന യോഗികള്‍ ബ്രഹ്മ മുഹൂര്‍ത്തിന് വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ സൂര്യോദയത്തിന് മുന്‍പ് തന്നെ അവര്‍ യോഗ പരിശീലനം പൂര്‍ത്തിയാക്കുന്നു.

പുലര്‍ച്ചയ്ക്ക് 3.40ന് ആണ് ബ്രഹ്മമുഹൂര്‍ത്തം തുടങ്ങുന്നത്. എന്നാല്‍ ഈ സമയം നമ്മളില്‍ പലരുടെയും ജീവിതശൈലിക്ക് അത്ര യോജിച്ച സമയം ആവില്ല. അതുകൊണ്ട് ഈ രംഗത്തെ വിദഗ്ദ്ധര്‍ അത്തരക്കാര്‍ക്ക് നിര്‍ദേശിക്കുന്നത് സൂര്യോദയ സമയമാണ്. രാവിലെ പ്രകൃതിയും മറ്റ് ജീവികളും ഉണരുന്നതിനോടൊപ്പം നമ്മളും ഉണര്‍ന്ന് ദിനചര്യകള്‍ ആരംഭിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കും. രാവിലെ ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്ന ശീലം പോലെ യോഗയും പ്രഭാതത്തിലെ ഒരു ശീലമാക്കിയെടുക്കാന്‍ ശ്രമിക്കുക. പ്രഭാതസമയത്തെ ശുദ്ധവായു ശ്വസിക്കുന്നത് നിങ്ങള്‍ക്ക് ഉണര്‍വ്വും പ്രവൃത്തികളില്‍ ഉത്സാഹവും നല്‍കുന്നു. ചായക്കോ കാപ്പിക്കോ നല്‍കാന്‍ സാധിക്കാത്ത ഊര്‍ജ്ജസ്വലതയും പ്രഭാത സമയത്തെ യോഗ നിങ്ങള്‍ക്ക് പ്രധാനം ചെയ്യുന്നു.

രാവിലെ എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് പല്ലുതേപ്പും കുളിയും കഴിഞ്ഞ ശേഷം യോഗ ആരംഭിക്കുന്നതാണ് ശരിയായ രീതി. ഉറക്കച്ചടവില്‍ നിന്നും മോചിതനാകാനും യോഗ പരിശീലനം ഒഴിവാക്കാനുള്ള പ്രവണത തടയാനും ഇതുവഴി സാധിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ക്കും സന്ധികള്‍ക്കും വഴക്കമില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രഭാത സമയത്ത് യോഗ ചെയ്താല്‍ ഇത് മാറുകയും ശരീരം ഫ്‌ലെക്‌സിബിള്‍ ആവുകയും ചെയ്യും. അന്തരീക്ഷം മലിനമല്ലാതിരിക്കുന്ന സമയം കൂടിയാണ്പ്രഭാതം. ഈ സമയത്ത് വിയര്‍പ്പ് കുറവായതിനാല്‍ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും. പ്രഭാത യോഗ രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗവുമാണ്.

Tags: HEALTHTIPS