ഇസ്രയേലിന്റെ ഏറ്റവും വലിയ ടെലകോം കമ്പനിയായ ബെസക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് ലോകത്തെ പ്രധാന നിക്ഷേപ കമ്പനിയായ നോര്‍വേ വെല്‍ത്ത് ഫണ്ട്. ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വെസ്റ്റ്ബാങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന അനധികൃത ജൂതകുടിയേറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് നോര്‍വേയുടെ ഈ നടപടി.
വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റങ്ങളെ ബെസക് ടെലകോം സംവിധാനത്തിലൂടെ സഹായിക്കുക വഴി അന്താരാഷ്ട്ര നിയമം കമ്പനി ലംഘിച്ചുവെന്നാണ് കൗണ്‍സില്‍ ഓഫ് എത്തിക്‌സിന്റെ ആരോപണം. പലസ്തീന്‍ സ്വാധീനമേഖലയിലും ബെസക് സേവനങ്ങള്‍ നല്‍കുന്നുവെന്ന് ഇസ്രയേല്‍ വാദിച്ചുവെങ്കിലും അക്കാരണത്താല്‍ ഇസ്രയേല്‍ കുടിയേറ്റങ്ങളെ സഹായിക്കുന്നു എന്ന യാഥാര്‍ഥ്യം ഇല്ലാതാവില്ല എന്നായിരുന്നു കൗണ്‍സിലിന്റെ വാദം.
നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ധാര്‍മിക നിരീക്ഷണവിഭാഗമായ ‘കൗണ്‍സില്‍ ഓണ്‍ എത്തിക്‌സ്’ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണ് ഈ പുതിയ നടപടിയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ടെലകോം സേവനങ്ങള്‍ നല്‍കിവരുന്നത് ബെസക് കമ്പനിയാണിത്. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ നിര്‍മാണങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത മാനദണ്ഡങ്ങള്‍ അടങ്ങുന്ന നിയമങ്ങള്‍ കൗണ്‍സില്‍ ഓഫ് എത്തിക്‌സ് ഈയിടെ നടപ്പില്‍ വരുത്തിയിരുന്നു.
വെല്‍ത്ത് ഫണ്ടിന്റെ ഓഹരികള്‍ പിന്‍വലിക്കാന്‍ നോര്‍വേ സെന്‍ട്രല്‍ ബാങ്കായ നോര്‍ഗസ് ബാങ്കിനോട് കൗണ്‍സില്‍ ഓഫ് എത്തിക്‌സ് ആവശ്യപ്പെടുകയായിരുന്നു. അതോടെ കമ്പനിയുടെ 23.7 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വെല്‍ത്ത് ഫണ്ട് പിന്‍വലിക്കുകയായിരുന്നു.
STORY HIGHLIGHT: Norway withdraws shares from Israeli company