മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരില്‍ മുൻ മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്ദെ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ശിവസേനയുടെ നേതൃത്വവുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ഷിന്ദെ സമ്മതം അറിയിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഫഡ്‌നവിസിന്റെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച്ച വൈകുന്നേരം 5.30ന് ആയിരിക്കും സത്യപ്രതിജ്ഞ. മഹായുതി നേതാക്കള്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെ ഫഡ്‌നവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു.
‘ഷിന്ദെയ്ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. മന്ത്രിസഭയില്‍ തുടരണമെന്ന് ഷിന്ദെയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പദവി ഞങ്ങള്‍ക്കിടയില്‍ സാങ്കേതിക കരാര്‍ മാത്രമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അത് അങ്ങനെ തന്നെ തുടരും.’ ഫഡ്‌നവിസ് വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര വിധാന്‍ സഭയില്‍നടന്ന യോഗത്തില്‍ ഏകകണ്ഠമായി ഫഡ്‌നവിസിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നേരത്തെ, ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
STORY HIGHLIGHT: in meeting with sena leaders eknath shinde agrees to be deputy cm