ഹൈദാരാബാദ്: ഹൈദരാബാദിൽ അല്ലു അർജുൻ നായകനായ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ദിൽസുഖ് നഗറിലെ രേവതിയാണ്(39) മരിച്ചത്.
ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം. സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന് സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.