മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയുടെയും അജിത് പവാറിന്‍റെയും സത്യപ്രതിജ്ഞയും ഇന്ന് നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ചരിത്രവിജയം നേടിയെങ്കിലും 11 ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായത്. മുഖ്യമന്ത്രിപദം എന്ന ആവശ്യത്തിൽ നിന്ന് ശിവസേന അധ്യക്ഷൻ ഏകനാഥ് ഷിൻഡേ ഉറച്ചു നിന്നതാണ് പ്രതിസന്ധി തുടരാൻ കാരണം. ഒടുവിൽ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടാണ് ഷിൻഡയെ അനുനയിപ്പിച്ചത്. പുതിയ സർക്കാരിൽ ഏകനാഥ് ഷിൻഡെയും അജിത്ത് പവാറും ഉപമുഖ്യ മന്ത്രിമാരാകും. ഇരുവരും ഇന്ന് ഫഡ്നാവിസിനൊപ്പം സത്യപ്രതിജ ചെയ്യും.
ആഭ്യന്തരം ഷിൻഡേ വിഭാഗം ആവശ്യപ്പെട്ടെങ്കിലും ബിജെപി വിട്ടു നൽകാൻ തയ്യാറല്ല. നിയമസഭാ സ്പീക്കർ സ്ഥാനത്തിന്‍റെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. നഗര- ഗ്രാമ വികസനം ഉൾപ്പെടെയുള്ള ചില വകുപ്പുകൾ ആണ് ശിവസേനക്ക് നൽകാൻ ധാരണയായിട്ടുള്ളത്. അതേസമയം ധനകാര്യം ഇത്തവണയും എൻസിപിക്ക് തന്നെയാണ് നൽകുന്നത്. നിലവിലെ സമവാക്യം അനുസരിച്ച് ബിജെപിക്ക് 22 മന്ത്രിമാരും, ശിവസേനയ്ക്ക് 12 ഉം, എൻ സി പി ക്ക് 10 മന്ത്രിസ്ഥാനങ്ങളും നൽകുമെന്നാണ് സൂചന. കൂടുതൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാകില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.