കോഴിക്കോട്: എലത്തൂർ എച്ച്പിസിഎല്ലില്‍ ഇന്ധന ചോർച്ച തുടരുന്നു. ചോർച്ച തടഞ്ഞെന്ന് അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ചോർച്ച. പ്ലാന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുന്നു. ഡീസൽ ചോർന്നതിൽ വിവിധ വകുപ്പുകൾ ഇന്ന് പരിശോധന നടത്തും. മോണിറ്ററിംഗ് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടായോ എന്ന് പരിശോധിക്കും. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി.
ഇന്നലെ വൈകിട്ടാണ് കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്ന് ഡീസൽ പുറത്തുള്ള ഓവുചാലിലേക്ക് ഒഴുകിയെത്തിയത്. വലിയ രീതിയിൽ ഇന്ധനം ഒഴുകിയെത്തിയതോടെ നാട്ടുകാരും പ്രതിഷേധവുമായെത്തി. പുറത്തെ ഓടയിൽ നിന്നും വീപ്പകളിലേക്ക് ഡീസൽ മാറ്റി. ഓവർ ഫ്ലോ ആയതാണ് ഇന്ധനം പുറത്തേക്കൊഴുകാൻ കാരണമെന്നാണ് കമ്പനി അധികൃതർ നൽകിയ വിശദീകരണം.
ഡപ്യൂട്ടി കലക്ടർ ഇ.അനിത കുമാരിയും ഫാക്ടറി ആന്‍റ് ബോയിലേഴ്സ് റീജിയണൽ ജോയിന്‍റ് ഡയറക്ടർ മുനീർ എൻ.ജെയും സ്ഥലം സന്ദർശിച്ചു. ഇന്ധനം മാറ്റുമ്പോഴുള്ള മോണിറ്ററിംഗ് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുനീർ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ്, ആരോഗ്യ വകുപ്പ് എന്നിവർ ഇന്ന് ഡിപ്പോയിൽ പരിശോധന നടത്തും.