അറസ്റ്റിലായ വാര്‍ത്തക്ക് തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി നിയമനടപടിക്ക്. മലയാള മനോരമയുടെ മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്. അനധികൃത സ്വത്ത് സമ്പാദനക്കേസ്; നടന്‍ മണികണ്ഠനു സസ്‌പെന്‍ഷന്‍ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. നടന്‍ കൂടിയായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കെ മണികണ്ഠന് സസ്‌പെന്‍ഷന്‍ എന്ന് വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയ്ക്കാണ് മണികണ്ഠന്‍ ആചാരിയുടെ പടം തെറ്റായി വെച്ചത്.
ഇതിനെതിരെ വീഡിയോ സന്ദേശവുമായി ഇന്‍സ്റ്റഗ്രാമില്‍ മണികണ്ഠന്‍ ആചാരി എത്തുകയായിരുന്നു. മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു എന്ന് വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല.
നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മണികണ്ഠന്‍ ആചാരി വീഡിയോയില്‍ പറഞ്ഞു. വീഡിയോ കാണാം:
View this post on Instagram