Kerala

ഏലത്തൂരിലെ ഇന്ധന ചോർച്ച; സ്ഥലത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു

എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ച നടന്ന സംഭവത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു. ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സംഭരണശാലയുടെ അകത്തു നിന്ന് പമ്പ് ഉപയോഗിച്ച് ഡീസൽ ഓവുചാലിൽ നിന്ന് മാറ്റുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്നിടത്തേക്ക് ഡീസൽ ഒഴുകി എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. 12 ഓളം ബാരലുകളിലാണ് ഒഴുകി എത്തിയ ഡീസൽ കോരിഎടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്നാണ് എച്ച് പി സി എൽ മാനേജറുടെ വിശദീകരണം. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ദേശീയ പാതയ്ക്കും റെയിൽപാളത്തിനും സമീപത്തുള്ള സംഭരണകേന്ദ്രത്തിലെ ഡീസല്‍ സമീപത്തെ ഓവുചാലിലൂടെ ഒഴുകിയെത്തിയത്. 600 മുതല്‍ എഴുന്നൂറ് ലിറ്റര്‍വരെ ഇന്ധനം ചോര്‍ന്നുവെന്നാണ് വിവരം.