തേങ്ങാക്കൊത്ത് ഒക്കെ ഇട്ട് നല്ല ബീഫ് ഉലർത്തിയത് തയ്യാറാക്കിയാലോ? ചോറിനും മോര് കറിക്കുമൊപ്പം കഴിക്കാൻ കിടിലൻ സ്വാദാണ്, ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കൂ.
ആവശ്യമായ ചേരുവകൾ
- ബീഫ്-അര കിലോ
- നല്ല ചുവന്ന മുളക് പൊടി- 2 സ്പൂണ്
- മഞ്ഞൾ പൊടി – കാൽ സ്പൂണ്
- മല്ലി പൊടി-3 സ്പൂണ്
- ഗരം മസാല പൊടി-കാൽ സ്പൂണ്
- കറിവേപ്പില-3 തണ്ട്
- ഇഞ്ചി-ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി-5-6 അല്ലികൾ
- സവാള -2 വലുത്
- പച്ച മുളക്- 4-5 എണ്ണം
- തക്കാളി-ഒരെണ്ണം വലുത്
- തേങ്ങ പൂളി അരിഞ്ഞത്-കാൽ കപ്പ്
- വെളിച്ചെണ്ണ -ആവശ്യത്തിന്
- ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി കുക്കറിൽ ആക്കി അതിലേക്കു വെളുത്തുള്ളി, ഇഞ്ചി, സവാള, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്ക്കുക. ഇതിലേക്ക് പൊടി വർഗങ്ങളും ആവശ്യത്തിനു ഉപ്പും 2 സ്പൂണ് വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. അല്പം വെള്ളം തളിച്ച് ഇറച്ചി വേവിക്കുക. ഒരു 3-4 വിസിൽ വന്നാൽ തീ ഓഫ് ആക്കാം. കുക്കർ തുറക്കാതെ ഒരു 10 മിനിറ്റ് വെയ്ക്കണം. ഈ 10 മിനിട്ട് കൊണ്ട് തേങ്ങ കൊത്ത്, വേപ്പില, തക്കാളി എന്നിവ വഴറ്റി എടുക്കാം.
ഗ്രേവിയോടെ ഇറച്ചി ഈ തേങ്ങാ കൊത്തിലേക്ക് ചേർത്ത് വെള്ളം തോർത്തി എടുക്കുക. ഇവിടെ അല്പാല്പമായി വെളിച്ചെണ്ണ ചേർത്ത് ഇത് ഡ്രൈ ആക്കി. എണ്ണയുടെ അളവ് ഇത്തിരി കൂടിയാലും കുഴപ്പമില്ല, നാടൻ ടേസ്റ്റ് കിട്ടും. മസാല മൊത്തമായി ഇറച്ചി കഷ്ണങ്ങളിൽ പൊതിഞ്ഞു വരുന്ന പരുവത്തിൽ ഇറക്കി മാറ്റി വേപ്പില കൊണ്ട് അലങ്കരിക്കാം. ചൂടോടെ കഴിക്കാം.