ഉപഭോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ പൊതുമേഖല നെറ്റ്‌വര്‍ക്കായ ബിഎസ്എന്‍എല്‍ രേഖപ്പെടുത്തിയ കുതിപ്പിനെ കുറിച്ച് പുതിയ കണക്കുകള്‍ പുറത്ത്. 2024 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 55 ലക്ഷം പേരാണ് മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് സിം പോര്‍ട്ടിംഗ് സൗകര്യം വഴി ബിഎസ്എന്‍എല്ലിലേക്ക് എത്തിയത് എന്ന് ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2024 ജൂലൈ മുതല്‍ ഒക്ടോബര്‍ മാസം വരെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ ബിഎസ്എല്ലിലേക്ക് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് 15 ലക്ഷം യൂസര്‍മാര്‍ സിം പോര്‍ട്ട് ചെയ്ത് എത്തി. ഓഗസ്റ്റില്‍ ഈ നമ്പര്‍ 21 ലക്ഷം ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ 11 ലക്ഷം പേരും ഒക്ടോബറില്‍ 7 ലക്ഷം പേരും മറ്റ് ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്കെത്തി. 2024 ജൂണില്‍ ബിഎസ്എന്‍എല്ലിലേക്ക് 63,709 സിം പോര്‍ട്ടിംഗുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് പിന്നീടുള്ള മാസങ്ങളിലെ കുതിപ്പ്.
അതേസമയം സിം വില്‍പനയിലും ബിഎസ്എന്‍എല്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2024 ജൂണില്‍ 790,000 സിം കാര്‍ഡുകളായിരുന്നു ബിഎസ്എന്‍എല്‍ വിറ്റതെങ്കില്‍ ജൂലൈ മാസം ഇത് 49 ലക്ഷവും, ഓഗസ്റ്റ് മാസം 50 ലക്ഷവും, സെപ്റ്റംബര്‍ മാസം 28 ലക്ഷവും, ഒക്ടോബര്‍ മാസം 19 ലക്ഷവും ആയി വില്‍പന ഉയര്‍ന്നു. സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്കുള്ള ഉപഭോക്താക്കളുടെ കുത്തൊഴുക്ക് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.