ഇന്ത്യൻ വ്യവസായ ഭീമൻമാരായ റിലയൻസും ടാറ്റയും വീണ്ടും നേർക്കുനേർ യുദ്ധത്തിന് ഒരുങ്ങുന്നു. ഫാഷൻ ലോകത്ത് ടാറ്റ സൃഷ്ടിച്ച വിപ്ലവം മറികടക്കാനാണ് റിലയൻസിന്റെ ലക്ഷ്യം. അതേസമയം, ഈ മത്സരം ഇന്ത്യൻ ഉപഭോക്താക്കൾക്ക് കാര്യമായ നേട്ടങ്ങൾ നൽകും. സാധാരണക്കാരന്റെ ബജറ്റിൽ ഒതുങ്ങുന്ന ഫാഷൻ വസ്ത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ടാറ്റയുടെ സുഡിയോ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് വൻ സ്വീകാര്യതയാണ് സുഡിയോയ്ക്ക് ലഭിച്ചത്. സുഡിയോയുടെ, അതേപാത പിന്തുടർന്ന് വിപണി പിടിക്കാൻ ഒരുങ്ങുകയാണ് റിലയൻസും. ‘യൂസ്റ്റ’ എന്ന പുതിയ ബ്രാൻഡിലൂടെ സുഡിയോയെ വെല്ലുവിളിക്കുകയാണ് റിലയൻസ്.
2023 ഓഗസ്റ്റിൽ ആരംഭിച്ച അംബാനിയുടെ യൂസ്റ്റ ആദ്യ വർഷത്തിനുള്ളിൽ 50 സ്റ്റോറുകൾ എന്ന നേട്ടം കൈവരിച്ചിരുന്നു. 999 രൂപയ്ക്ക് താഴെയാണ് സുഡിയോയിലെ വസ്ത്രങ്ങളുടെ എല്ലാം വില. ഇതേ രീതിയിലാണ് യൂസ്റ്റയും വില തീരുമാനിച്ചിരിക്കുന്നത്. 999 ന് താഴെയാണ് യൂസ്റ്റയിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും വില. കൂടുതൽ ഉത്പന്നങ്ങളുടെയും വില 499 രൂപയിൽ താഴെയാണ്.
ഒരൊറ്റ പൈസ പോലും പരസ്യത്തിനായി ചെലവഴിക്കാതെ സുഡിയോയിലൂടെ ടാറ്റ നേടുന്ന വരുമാനം 7,000 കോടിക്ക് മുകളിലാണ്. മിഡിൽ ക്ലാസ്സിനെ ലക്ഷ്യം വെച്ച് ടാറ്റ ആരംഭിച്ച ബ്രാൻഡ് പരസ്യങ്ങൾക്കായി പണം ചിലവഴിക്കുകയോ കിഴിവുകൾ വാഗ്ദാനം ചെയ്യുകയോ ചെയ്യാതെയാണ് ഉയർന്ന വരുമാനം ഉറപ്പാക്കുന്നത്. പരസ്യ കാമ്പെയ്‌നുകളിൽ വലിയ പണം മുടക്കാത്തതിനാൽ ടാറ്റയ്ക്ക് ചിലവുകൾ കുറയുന്നു. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഉത്പന്നങ്ങൾ എത്തിക്കാനും ടാറ്റയ്ക്ക് കഴിഞ്ഞു. 2016-ൽ പ്രവർത്തനം തുടങ്ങിയ സുഡിയോയ്ക്ക് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകളുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിനേക്കാൾ കൂടുതൽ സ്റ്റോറുകൾ ഇപ്പോൾ സൂഡിയോയ്ക്കുണ്ട്.
ടാറ്റയുടെ വിജയം കണ്ട്, യൂസ്റ്റയിലൂടെ അതേ മോഡൽ പരീക്ഷിക്കുകയാണ് റിലയൻസ്. ഇത് രാജ്യത്തെ മിഡിൽ ക്ലാസ് ഉപയോക്താക്കൾക്ക് ഗുണകരമാണ്. കാരണം, ഫാഷൻ വസ്ത്രങ്ങൾ പോക്കറ്റ് കീറാതെ സ്വന്തമാക്കാം എന്നുള്ളതാണ് പ്രധാന ആകർഷണം.