ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാമതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍നിന്നു പുറത്തുവന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും സന്ദീപ് പറഞ്ഞു. തിരുവനന്തപുരത്തെത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെയും സന്ദീപ് സന്ദര്‍ശിച്ചു. എ കെ ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
കേവലമൊരു പ്രാദേശിക നേതാവായ തന്റെ ഫ്‌ളക്സ് ബോര്‍ഡിനെ പോലും കെ സുരേന്ദ്രന്‍ ഭയപ്പെടുന്നതായി സന്ദീപ് വാര്യര്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ നിന്ന് വന്ദേഭാരത് ട്രെയിനില്‍ കയറിയപ്പോള്‍ നേരത്തെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റും ആ ട്രെയിനിലുണ്ടായിരുന്നു. കേവലമൊരു പ്രാദേശിക നേതാവായ തന്നെ ഭയന്നിട്ട് സംസ്ഥാന പ്രസിഡന്റ് രാത്രിയില്‍ തന്നെ നിരവധി ബി.ജെ.പി. പ്രവര്‍ത്തകരെ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാന്‍ തന്നെയാണ് പന്തളം മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ളത്. കേരളത്തില്‍ ബി.ജെ.പി. അധികാരത്തിലുള്ള രണ്ടു മുനിസിപ്പാലിറ്റികളാണ് പാലക്കാടും പന്തളവും. കേരളത്തിലെ ഏറ്റവും വലിയ അഴിമതിയും മാഫിയ ഭരണവും നടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഈ രണ്ടു നഗരസഭകളുമെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.