കൊച്ചി സ്മാർട്സിറ്റി പദ്ധതിയിൽ നിന്ന് ദുബായ് ടീകോം കമ്പനിയെ ഒഴിവാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഈ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ടീകോം വാഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ്. ടീ കോം എംഡി ബാജു ജോർജിനെയും നഷ്ടപരിഹാരം നൽകാനുള്ള കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഏറ്റെടുക്കുന്ന 246 ഏക്കർ ഭൂമി ആർക്ക് കൈമാറുമെന്നത് അന്വേഷിക്കണമന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത് ടീകോമുമായി ഒത്തുചേർന്ന് നടപ്പാക്കുന്ന ഒരു കള്ളക്കളിയാണ് എന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒപ്പിട്ട കരാറിൽ കമ്പനിക്കെതിരെ എടുക്കേണ്ട നടപടികൾ ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കരാർ ലംഘനം നടത്തിയ ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്ന ഏർപ്പാട് ആദ്യമായി കേൾക്കുകയാണ്. തിരിച്ചുപിടിക്കുന്ന ഭൂമി ആർക്കോ മറിച്ചുകൊടുക്കാനുള്ള പദ്ധതിയാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. അത് ആർക്കാണെന്ന് കണ്ടെത്തണമെന്നും കേരളത്തിലെ ചെറുപ്പക്കാരെ കഴിഞ്ഞ പത്ത് വർഷം സർക്കാർ വഞ്ചിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.