ഒമാന്‍റെ ആദ്യ പരീക്ഷണാത്മക റോക്കറ്റായ ദുകം 1ന്‍റെ വിക്ഷേപണം മാറ്റിവെച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേിതക മന്ത്രാലയം അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. ദുകമിലെ ഇത്തലാക്ക് സ്‌പേസ് പോർട്ടിൽ നിന്ന് ബുധനാഴ്ചയാണ് റോക്കറ്റ് വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായിരുന്നു. ദുകം ഇത്തലാക്ക് സ്‌പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്ന് രാവിലെ അഞ്ചു മുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരുന്നത്. കാലാവസ്ഥ മോശമായതോടെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. റോക്കറ്റ് വിക്ഷേപണത്തിന്‍റെ പുതിയ തീയതി അറിയിച്ചിട്ടില്ല.
123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1530 മീറ്റർ വേഗത്തിൽ ഉയരാനാകും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ഒമാനി സ്‌പേസ് കമ്പനിയായ നാഷനൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്‌കോം) ആണ് ഇത്തലാക്ക് സ്‌പേസ് പോർട്ടിന് നേതൃത്വം നൽകുന്നത്. മെന മേഖലയിലെ ആദ്യ സ്‌പേസ് പോർട്ടാണിത്. ഗവേഷണ, വാണിജ്യ ആവശ്യങ്ങൾക്കുള്ള റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങൾ, റോക്കറ്റ് അസംബ്ലി, പരീക്ഷണം അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.