തിരുവനന്തപുരം: തുര്‍ക്കിയില്‍ നടന്ന വേള്‍ഡ് റോബോട്ട് ഒളിമ്പ്യാഡില്‍ (ഡബ്ല്യുആര്‍ഒ-2024) ചരിത്രം സൃഷ്ടിച്ച് എഐ, റോബോട്ടിക്സ്, സ്‌റ്റെം എജ്യുക്കേഷന്‍ എന്നിവയിലെ മുന്‍നിരക്കാരായ യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്‍). ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തിലാണ് ടീം വിജയം നേടിയത്. ഒളിമ്പ്യാഡിന്റെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ഒരു ടീം ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ എത്തുന്നതും വിജയിക്കുന്നതും. മത്സരത്തില്‍ യുഡബ്ല്യുആറിന്റെ ടീമായ റെസ്‌ക്യൂ ടെക് അലൈസ് മൂന്നാം സ്ഥാനമാണ് നേടിയത്. 85 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം ടീമുകളുമായി മത്സരിച്ചാണ് ഈ നേട്ടം.
മാളയിലെ ഹോളി ഗ്രേസ് അക്കാദമിയില്‍ നിന്നുള്ള കാത്ലിന്‍ മേരി ജീസന്‍ (12), ക്ലെയര്‍ റോസ് ജീസന്‍ (9) സഖ്യമാണ് ആഗോള വേദിയില്‍ യുഡബ്ല്യുആറിനെ പ്രതിനിധീകരിച്ചത്. ഇരുവരും സഹോദരിമാര്‍ കൂടിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വര്‍ഷം മത്സരവേദിയിലെത്തിയ ഏക ടീമും യുഡബ്ല്യുആറിന്റേത് ആയിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ നേട്ടം കേരളത്തിനും രാജ്യത്തിനും ഒരുപോലെ അഭിമാനം പകരുന്നതാണ്.
2018 ലും 2019 ലും കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ നിന്നാണ് ഇവര്‍ ഒളിമ്പ്യാഡിലെ പ്രൊജക്ടിനുള്ള ആശയം രൂപപ്പെടുത്തിയത്. വെള്ളപ്പൊക്ക സമയത്ത് ജീവന്‍രക്ഷാ ചങ്ങാടമായി പ്രവര്‍ത്തിക്കാനും അവശ്യ സാധനങ്ങള്‍ എത്തിക്കാനും കഴിയുന്ന ബഹുമുഖ സംവിധാനമാണ് അക്വാ റെസ്‌ക്യൂ റാഫ്റ്റ് 1.0. ദുരന്ത നിവാരണത്തിനു പുറമേ വെള്ളത്തിന്റെ ഗുണനിലവാരം തിരിച്ചറിയാനും മാലിന്യം നീക്കം ചെയ്യാനും ഇത് പ്രയോജനപ്പെടുത്താനാകും. ശേഖരിക്കുന്ന ഡാറ്റ അക്വാ വാച്ച് ആപ്പ് വഴി പങ്കിടുകയും ചെയ്യും.
യുഡബ്ല്യുആറിന്റെ വിദഗ്ധ പരിശീലനത്തിന്റെയും മെന്റര്‍ഷിപ്പിന്റെയും സ്വാധീനം അടിവരയിടുന്നതാണ് ഈ വിജയം. യുഡബ്ല്യുആര്‍ മെന്റര്‍മാരായ ബന്‍സന്‍ തോമസ് ജോര്‍ജ്, അഖില ആര്‍ ഗോമസ്, ഡിക്സണ്‍ എംഡി, ജിതിന്‍ അനു ജോസ്, മോനിഷ് മോഹന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശം കാത്ലിന്റെയും ക്ലെയറിന്റെയും വിജയത്തില്‍ പ്രതിഫലിച്ചു.
ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് യുണീക് വേള്‍ഡ് റോബോട്ടിക്സ്. അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരങ്ങളില്‍ സ്ഥിരസാന്നിധ്യമായ യുഡബ്ല്യുആര്‍ ടീം നിരവധി സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇതിനോടകം 1,00,000-ത്തിലധികം വിദ്യാര്‍ത്ഥികളെ യുഡബ്ല്യുആര്‍ പരിശീലിപ്പിച്ചു. റോബോട്ടിക് വിദ്യാഭ്യാസത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിലും യുവ ഇന്നൊവേറ്റര്‍മാരെ പരിപോഷിപ്പിക്കുന്നതിലും സാങ്കേതികവിദ്യയിലൂടെയും കൂട്ടായ്മയിലൂടെയും വെല്ലുവിളികളെ നേരിടാന്‍ അവരെ ശാക്തീകരിക്കുന്നതിലും യുഡബ്ല്യുആര്‍ മുന്‍പന്തിയിലാണ്.
തുടര്‍ച്ചയായി രണ്ടു വര്‍ഷം യുഡബ്ല്യുആര്‍ ലോകത്തിലെ ഏറ്റവും വലിയ നാസ സ്പേസ് ആപ്പ്സ് ചലഞ്ച് പരിപാടി സംഘടിപ്പിച്ചു. കൂടാതെ ഇന്ത്യയിലും യുഎഇയിലും യൂറോപ്പിലുമായി 17 സ്ഥലങ്ങളുള്ള ഏറ്റവും വലിയ നാസ സ്പേസ് ആപ്പ് പരിപാടിയുടെ സംഘാടകരായി മാറി.
ഈ വിജയം കേരളത്തിന് ഒരു നാഴികക്കല്ല് മാത്രമല്ല, ഇന്ത്യയുടെ അഭിമാന നിമിഷമാണെന്ന് യുണീക്ക് വേള്‍ഡ് റോബോട്ടിക്സിന്റെ സിഇഒയും സ്ഥാപകനുമായ ബന്‍സന്‍ തോമസ് ജോര്‍ജ് പറഞ്ഞു. കേരളത്തെ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് യുഡബ്ല്യആര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ ഭാവി സാങ്കേതികവിദ്യകളോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റോബോട്ടിക്സ്, എഐ, കോഡിംഗ്, മെറ്റാവേസ്, സ്പേസ് ടെക്നോളജി, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് എന്നിവയില്‍ യുഡബ്ല്യആര്‍ ശ്രദ്ധ വ്യാപിക്കുന്നു. പരിശീലന പരിപാടികളിലൂടെയും മത്സര പ്ലാറ്റ്ഫോമുകളിലൂടെയും പ്രോജക്റ്റുകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും കമ്പനി ശ്രമിക്കുന്നു. ആഗോള ഇന്നൊവേഷനിലും മത്സരരംഗത്തും കേരളത്തിന്റെ പ്രാതിനിധ്യം വളരെ കുറവാണ്. ഈ മേഖലയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍, ഈ വിടവ് നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.