‘ലാബ് ഗ്രോണ്‍ ഡയമണ്ട്’ രാസപരമായും ഗുണമേന്മയിലും പ്രകൃതിദത്ത വജ്രത്തിന് സമാനം
ഖനനം ചെയ്ത വജ്രത്തേക്കാള്‍ പത്തിലൊന്ന് വിലക്കുറവ്
തിരുവനന്തപുരം: ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തോടെ ലാബില്‍ നിര്‍മ്മിച്ച വജ്രാഭരണമെന്ന ആശയവുമായി ഒരു മലയാളി സ്റ്റാര്‍ട്ടപ്. ആഭരണ വ്യവസായത്തില്‍ വന്‍ പരിവര്‍ത്തനം വരുത്തിയേക്കാവുന്ന ‘ലാബ് ഗ്രോണ്‍ ഡയമണ്ട്’ എന്ന ആശയവുമായിട്ടാണ് എലിക്‌സര്‍ ജ്വല്‍സ് സ്റ്റാര്‍ട്ടപ് അവരുടെ ഉല്‍പ്പന്നം വിപണിയിലെത്തിച്ചിട്ടുള്ളത്.
യഥാര്‍ഥ വജ്രത്തിന്റെ പരിശുദ്ധിയും ഗുണമേന്മയും നിലനിര്‍ത്തിക്കൊണ്ടാണ് എലിക്‌സര്‍ അവരുടെ ലാബില്‍ വജ്രാഭരണങ്ങള്‍ വികസിപ്പിക്കുന്നത്. പ്രകൃതിദത്ത വജ്രത്തേക്കാള്‍ പത്തിലൊന്ന് വില കുറവാണിതിന്. അഞ്ചുലക്ഷമാണ് ഒരു കാരറ്റ് പ്രകൃതിദത്ത വജ്രത്തിന്റെ വിലയെങ്കില്‍ ലാബ് ഗ്രോണ്‍ ഡയമണ്ടിന് 50000 രൂപ മതിയാകും. വജ്രത്തിന്റെ അടിസ്ഥാന ഘടകമായ കാര്‍ബണ്‍ പരിസ്ഥിതിക്ക് വരുത്തുന്ന ദോഷം ഇതിനില്ലെന്നതും സുപ്രധാനമാണ്.
ലാബ് ഗ്രോണ്‍ ഡയമണ്ട് ആഭരണങ്ങള്‍ ദക്ഷിണേന്ത്യക്ക് പുതിയതാണ്. ഈ വ്യവസായം ദക്ഷിണേന്ത്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. യഥാര്‍ഥ വജ്രവുമായി രാസപരമായും ഗുണമേന്മയിലും ഇത് സമാനമാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഈയിടെ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍-2024 സ്റ്റാര്‍ട്ടപ് സമ്മേളനത്തിലാണ് എലിക്‌സറിന്റെ വജ്രാഭരണങ്ങള്‍ പുറത്തിറക്കിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഉടന്‍ വിപണനം ആരംഭിക്കും.
ഗുജറാത്തിലെ സൂറത്തിലാണ് എലിക്‌സറിന്റെ ആഭരണ നിര്‍മ്മാണ ലാബ്. മറ്റ് ജോലികള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കി ആലപ്പുഴയില്‍ എത്തിക്കുന്നു. സാങ്കേതിക പ്രവര്‍ത്തനത്തിനായുള്ള എലിക്‌സറിന്റെ ഓഫീസ് കൊല്ലത്ത് പ്രവര്‍ത്തിക്കുന്നു. 500 മുതല്‍ 1000 കോടി രൂപ വരെ മൂല്യമുള്ള വജ്രാഭരണങ്ങളുടെ നിര്‍മ്മാണത്തിനുള്ള ശേഷി നിലവില്‍ എലിക്‌സറിനുണ്ട്.
ആഭരണ നിര്‍മ്മാണ കലയും ശാസ്ത്രവും തമ്മില്‍ ഇഴചേര്‍ത്താണ് എലിക്‌സര്‍ വജ്ര നിര്‍മ്മാണം സാധ്യമാക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ പ്രകൃതിദത്ത വജ്രത്തിന്റെ നിര്‍മ്മാണത്തിലെ ഓരോ ഘട്ടവും ലബോറട്ടറിയിലേക്ക് പകര്‍ത്തുന്നു. അതിനാല്‍ ശുദ്ധ വജ്രത്തിന്റെ നിര്‍മ്മാണത്തിലെ പരിപൂര്‍ണത ഇതിന് അവകാശപ്പെടാനാകും. കാര്‍ബണ്‍ വജ്രമാകുന്നതിനുള്ള ഉയര്‍ന്ന ചൂടും മര്‍ദ്ദവും ലാബില്‍ ഒരുക്കും. ലാബില്‍ 1500-1800 ഡിഗ്രി ചൂട് കാര്‍ബണ് നല്‍കും. 5 മുതല്‍ എട്ട് ആഴ്ച വരെ ഉയര്‍ന്ന മര്‍ദ്ദത്തിലൂടെ കടത്തിവിടും.
പ്രകൃതിദത്ത വജ്ര നിര്‍മ്മാണത്തേക്കാള്‍ കുറച്ച് സമയവും വിഭവങ്ങളും ജീവനക്കാരും മതിയെന്നതും ലാബ് ഗ്രോണ്‍ ഡയമണ്ട് നിര്‍മ്മാണത്തിലെ സവിശേഷതയാണ്. ഖനന വേളയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നതും ആഭരണ നിര്‍മ്മാണത്തില്‍ പരിസ്ഥിതിസൗഹൃദ-സുസ്ഥിര മാതൃക നിലനിര്‍ത്തുന്നുന്നുവെന്നതും ലാബ് ഗ്രോണ്‍ ഡയമണ്ടിന്റെ പ്രത്യേകതയാണ്.
സാധാരണക്കാര്‍ക്കും വജ്രാഭരണങ്ങള്‍ വാങ്ങാന്‍ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലാബില്‍ വജ്രം നിര്‍മ്മിക്കുകയെന്ന ആശയത്തിലേക്ക് എലിക്‌സര്‍ എത്തിയതെന്ന് എലിക്‌സര്‍ ഫൗണ്ടര്‍ സായ്‌രാജ് പി ആര്‍ പറഞ്ഞു. പാരിസ്ഥിതിക, സുസ്ഥിര മൂല്യങ്ങള്‍ നിലനിര്‍ത്തി ലാബ് ഗ്രോണ്‍ ഡയമണ്ട് എല്ലാവരിലേക്കും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ നൂതന ആശയം കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ അഭിമാനിക്കുന്നു. സംസ്ഥാനത്തെ ലാബ് ഗ്രോണ്‍ ഡയമണ്ട് മേഖലയിലെ ആഭരണ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇതിനാകും. ഹഡില്‍ ഗ്ലോബല്‍-2024 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എലിക്‌സറിന്റെ വജ്രാഭരണങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാകുന്ന വില, യഥാര്‍ഥ വജ്രത്തിന്റെ ഗുണനിലവാരം, സുസ്ഥിരത എന്നിവ ആഭരണ പ്രേമികളെ ലാബ് ഗ്രോണ്‍ ഡയമണ്ട് തെരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുമെന്ന് എലിക്‌സര്‍ കോ-ഫൗണ്ടര്‍മാരായ മിഥുന്‍ അജയ്, മുനീര്‍ മുജീബ് എന്നിവര്‍ പറഞ്ഞു. പാരിസ്ഥിതിക അവബോധം, ധാര്‍മ്മികത തുടങ്ങിയ ഗുണങ്ങള്‍ ലാബ് ഗ്രോണ്‍ ഡയമണ്ടിനെ വേറിട്ടു നിര്‍ത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ പച്ചിഗര്‍ (വിഷനറി ഇന്‍വെസ്റ്റര്‍), ജതിന്‍ കക്കാദിയ (മാനുഫാക്ചറിങ് ലീഡര്‍), അഫ്‌സല്‍ സെയ്ത് (ചീഫ് ടെക്‌നോളജി ഓഫീസര്‍), ഐറിന മറിയ സാജു (ഷെയര്‍ ഹോള്‍ഡര്‍) എന്നിവരാണ് എലിക്‌സറിന്റെ നേതൃനിരയിലുള്ളത്.
വജ്രത്തിന്റെ ഗുണമേന്മയ്ക്ക് ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജിഐഎ) തുടങ്ങി ഈ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എലിക്‌സറിന് ലഭിച്ചിട്ടുണ്ട്.
ഗ്രീന്‍ ഡയമണ്ട്, കള്‍ച്ചര്‍ഡ് ഡയമണ്ട് എന്നും ലാബ് ഗ്രോണ്‍ ഡയമണ്ട് അറിയപ്പെടുന്നു. ഖനനം ചെയ്ത വജ്രങ്ങളുടെ അതേ ക്രിസ്റ്റല്‍ ഘടനയും രാസഘടനയുമാണ് ഇതിനുളളത്. ആവശ്യത്തിനനുസരിച്ച് മാത്രം ഉത്പാദിപ്പിച്ചാല്‍ മതിയെന്നതും വലുപ്പം, ആകൃതി, ഗുണങ്ങള്‍ എന്നിവ ഇഷ്ടാനുസരണം ക്രമീകരിക്കാമെന്നതുമാണ് മറ്റ് പ്രത്യേകതകള്‍. ക്യൂബിക് സിര്‍ക്കോണിയ, മോയ്സാനൈറ്റ് പോലുള്ള ഇമിറ്റേഷന്‍ ഡയമണ്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്. വെള്ളി ആഭരണങ്ങളുടെ പ്രത്യേക ശേഖരവും എലിക്‌സര്‍ അവതരിപ്പിച്ചിട്ടുണ്ട്.
എലിക്‌സറിന്റെ ലാബ് ഗ്രോണ്‍ ഡയമണ്ടിനെ കുറിച്ച് കൂടുതലറിയാന്‍: Ellixr.co, 7012288794, ജ്യോതിസ്, കണിയംകുളം ജംഗ്ഷന്‍, ആലപ്പുഴ-688003