കാസർഗോഡ് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകം എന്ന് പൊലീസ്. മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത 596 പവൻ സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണം. 2023 ഏപ്രിൽ 14നാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ. എച്ച് ഷമീന, ആൺ സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂർ ഹാജിയുടെ കയ്യിൽ നിന്ന് 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിരുന്നു. ഈ സ്വർണം തിരിച്ചു നൽകേണ്ടി വരുമെന്ന് കരുതി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂറിന്റെ വീട്ടിലെത്തി തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തട്ടിയെടുത്ത സ്വർണം കാസർഗോഡുള്ള വിവിധ ജ്വല്ലറികളിൽ വിറ്റതായാണ് സൂചന. സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.