തിരുവനന്തപുരം നഗരത്തില്‍ തിരക്കേറിയ സമയത്ത് പൊതുവഴി മുടക്കി സി.പി.എമ്മിന്റെ ഏരിയ സമ്മേളനം. സമ്മേളനത്തിനു വേണ്ടി തിരുവനന്തപുരം വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരു വശം കെട്ടിയടച്ച് വേദി തീര്‍ത്തതോടെ വന്‍ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു. ആംബുലന്‍സുകള്‍ അടക്കം നൂറു കണക്കിനു വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി. പാതയൊരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചിരിക്കുന്നത്.
വഞ്ചിയൂര്‍ കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും തൊട്ടു മുന്‍പിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമലംഘനം. വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ അനുമതിയും വാങ്ങിയാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ റോഡ് തടസപ്പെടുത്തി പന്തല്‍ നിര്‍മാണത്തിന് ആരാണ് അനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ ചോദ്യം.
തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്. റോഡിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ രണ്ട് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. അതുകൊണ്ടാണ് പ്രധാനമായും ഗതാഗത കുരുക്ക് ഉണ്ടാക്കാൻ കാരണമാകുന്നത്. രാവിലെ മുതല്‍ തന്നെ വഴി തടഞ്ഞുള്ള വേദി ഒരുക്കുന്നതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസോ ബന്ധപ്പെട്ട അധികാരികളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
STORY HIGHLIGHT: vanchiyoor road blocked for cpm area meeting