ആലപ്പുഴ കളർകോട്ട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറയിൽ ആൽബിൻ ജോർജ് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. ഇതോടെ കളർകോട് അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി.
തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ നാല് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും അഞ്ച് പേർ മരിച്ചതും.
അപകടത്തില്‍ വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു കാറുമായി വിദ്യാർഥികൾ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.
STORY HIGHLIGHT: alappuzha kalarcode accident claims-another-life