Health

അനസ്‌തേഷ്യ അഥവാ മയക്കല്‍ പ്രക്രിയ അപകടകരമാകുന്നത് എപ്പോള്‍?

ശസ്ത്രക്രിയക്ക് മുന്‍പേ ബോധം ഇല്ലാതാക്കുന്ന അവസ്ഥയാണ് അനസ്‌തേഷ്യ അഥവാ മയക്കല്‍ പ്രക്രിയ.ഇന്ന് ആരോഗ്യ രംഗത്ത് ഒഴിച്ച് കൂടാനാവാത്ത ഒരു മേഖലയായി വളര്‍ന്നിരുക്കുകയാണ് ഈ മയക്കല്‍ പ്രക്രിയ അഥവാ അനസ്‌തേഷ്യ. ചെറുതും വലുതുമായ ഏത് ശസ്ത്രക്രിയക്കു മുന്‍പും അനസ്‌തേഷ്യ നല്‍കുന്നുണ്ട്. പണ്ട് കാലത്ത് അനസ്‌തേഷ്യയുടെ സ്വീകാര്യതയെപ്പറ്റി പലര്‍ക്കും സംശയം നിലനിന്നിരുന്നു. എന്നാല്‍ ശാസ്ത്രം പുരോഗമിക്കുന്നതിലൂടെ പല തെറ്റിദ്ധാരണകളും മാറി വന്നു.

അനസ്‌തേഷ്യക്ക് വിധേയമാകുന്ന രോഗികള്‍ക്ക് നിരവധി സംശയങ്ങളും പേടിയും ഉണ്ടാവുന്നു. അനസ്‌തേഷ്യ നല്‍കുന്നതിലൂടെ രോഗി മയങ്ങിപ്പോവുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷമായിരിക്കും രോഗിയുടെ ബോധം തിരിച്ച് കിട്ടുന്നത്. വിവിധ തരത്തിലുള്ള അനസ്‌തേഷ്യ ഉണ്ട്. ജനറല്‍ അനസ്‌തേഷ്യയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇതില്‍ രോഗിയെ പൂര്‍ണമായും അബോധാവസ്ഥയില്‍ ആക്കുന്നു. മാത്രമല്ല രോഗിയുടെ പേശികളുടെ ചലന ശേഷിയും അനസ്‌തേഷ്യ നല്‍കുന്നതിലൂടെ നഷ്ടപ്പെടുന്നു. ഇത് ശരീരത്തിന് വേദന രഹിതമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമാണ് രോഗിക്ക് സാധാരണ ശാരീരികാവസ്ഥ തിരിച്ച് കിട്ടുന്നത്.

ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, കൂടുതല്‍ സമയമെടുത്ത് ചെയ്യേണ്ട ചില ശസ്ത്രക്രിയകള്‍ എന്നിവക്ക് വേണ്ടിയാണ് പലപ്പോഴും ജനറല്‍ അനസ്‌തേഷ്യ ചെയ്യുന്നത്. ബോധം പൂര്‍ണമായും നഷ്ടപ്പെടുന്ന രോഗിയുടെ ശ്വാസോച്ഛ്വാസം പോലും ഉപകരണങ്ങള്‍ വഴിയാണ് സാധ്യമാവുന്നത്. ഓര്‍മ്മ നഷ്ടപ്പെടുകയും പൂര്‍ണമായും വേദന രഹിതമായ അവസ്ഥയായിരിക്കും ഉണ്ടാവുക. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം അനസ്‌തേഷ്യ നല്‍കുന്നതാണ് റീജിയണല്‍ അനസ്‌തേഷ്യ. ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളാണ് ഈ ശസ്ത്രക്രിയക്ക് വേണ്ടി മരവിപ്പിക്കുന്നത്.

നാഡി സംവേദനം നഷ്ടപ്പെടുത്തിയാണ് ഇത്തരം രീതിയില്‍ അനസ്‌തേഷ്യ നല്‍കുന്നത്. ഇത്തരം അനസ്‌തേഷ്യ നല്‍കുന്നതിനായി അള്‍ട്രാ സൗണ്ട്, നെര്‍വ് ലൊക്കേറ്റര്‍ എന്നിവയാണ് ഉപയോഗിക്കാറുള്ളത്. ഇവരില്‍ അബോധാവസ്ഥയുടെ ആവശ്യമില്ല. ശസ്ത്രക്രിയ നടത്തേണ്ട ഭാഗം മാത്രം മരവിപ്പിച്ചാല്‍ മതിയാവും. സാധാരണ പ്രസവം നടക്കാത്ത അവസ്ഥയില്‍ സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്താന്‍ ശ്രമിക്കുന്നു. ഇതിന് നല്‍കുന്നത് റീജിയണല്‍ അനസ്‌തേഷ്യയാണ്.

സാധാരണ പ്രസവം നടക്കാതെ വരുമ്പോള്‍ കുഞ്ഞിനും അമ്മക്കും അപകടം ഉണ്ടാവുന്ന അവസ്ഥയിലാണ് ജനറല്‍ അനസ്‌തേഷ്യ നല്‍കുന്നത്. എന്നാല്‍ അനസ്‌തേഷ്യ കൊടുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധയോടെ വേണം. ഏതു തരത്തിലുള്ള അനസ്‌തേഷ്യയിലും അപകടങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം മുന്‍കരുതലുകള്‍ എപ്പോഴും അനസ്‌തേഷ്യ നല്‍കുന്നതിന് മുന്‍പ് വിദഗ്ധര്‍ നല്‍കുന്നുണ്ട്. സാധാരണക്കാര്‍ക്ക് പലപ്പോഴും ഇതിന്റെ അപകടങ്ങളെക്കുറിച്ച് അറിയേണ്ടതില്ല.

അനസ്‌തേഷ്യ ചെയ്യും മുന്‍പ് ഡോക്ടര്‍മാരും അനസ്‌തേഷ്യ നല്‍കുന്ന വിദഗ്ധന്‍മാരും മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ഓരോ രോഗിയും ഡോക്ടറോട് പറയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രോഗികള്‍ അല്‍പം അശ്രദ്ധ കാണിക്കുമ്പോള്‍ അത് പലപ്പോഴും ആരോഗ്യത്തിന് ഭീകര ആഘാതം ആണ് ഉണ്ടാക്കുന്നത്. രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്. അനസ്‌തേഷ്യക്ക് വിധേയമാകുന്നതിന് മുന്‍പ് ആദ്യം എന്തെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ഡോക്ടറെ ബോധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല രക്തസമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍ , കിഡ്‌നി പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അനസ്‌തേഷ്യ നല്‍കുന്നതിന് മുന്‍പ് ഡോക്ടറോട് പറയേണ്ടതാണ്. കൂര്‍ക്കം വലി പോലും ഡോക്ടറെ അറിയിക്കണം. വെപ്പു പല്ല്, മറ്റ് ദന്ത പ്രശ്‌നങ്ങള്‍, മരുന്നിന്റെ അലര്‍ജി, ചില പ്രത്യേക തരം രോഗങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

Tags: HEALTHTIPS