ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി. മറ്റ് ഭക്തര്‍ക്ക് നല്‍കാത്ത യാതൊരു പരിഗണനയും വ്യവസായിയായ സുനില്‍ സ്വാമിയ്ക്ക് സന്നിധാനത്ത് നല്‍കരുതെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്. നേരത്തേ ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ശബരിമലയില്‍ ഏതെങ്കിലും ഒരു ഭക്തന് പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്ന് കയറ്റുമതി വ്യവസായിയായ സുനില്‍ സ്വാമിയുടെ ഇടപെടലുകളുമായി ബന്ധപ്പെടുത്തി കോടതി പറഞ്ഞു.
എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നില്‍ സുനില്‍ സ്വാമി ഉണ്ടാകാറുണ്ട്. നടതുറക്കുന്ന ദിവസങ്ങളിലെല്ലാം അവിടെ സുനില്‍ സ്വാമി സ്ഥിരമായി താമസിക്കുന്നു. ഈ പരിഗണനകളൊന്നും മറ്റ് ഭക്തര്‍ക്ക് ലഭിക്കാറില്ല. വിര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തര്‍ക്ക് സന്നിധാദാനത്തേക്ക് പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയിലെ സുനില്‍ സ്വാമിയുടെ ഇടപെടല്‍ വിവാദമാണ്. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് അദ്ദേഹം. ഇദ്ദേഹത്തിന് ശബരിമലയില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി ദേവസ്വം ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്നും ആചാര ലംഘനം നടത്തുന്നുണ്ടെന്നും സുനില്‍ സ്വാമിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
STORY HIGHLIGHT: kerala hc sunil swami sabarimala