ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരേ നടന്ന വധശ്രമം ഒരുദിവസം പിന്നിടുമ്പോള്‍ അകാല്‍തഖ്തിന്റെ ശിക്ഷ പാലിച്ചുകൊണ്ട് സുഖ്ബിര്‍ സിങ് ബാദല്‍ ആനന്ദ്പുര്‍ സാഹിബ് ഗുരുദ്വാരയില്‍ സേവ ചെയ്യാനെത്തി. വീല്‍ചെയറില്‍ത്തന്നെയാണ് ആനന്ദിപുരിലും സുഖ്ബിര്‍ കാവലിരുന്നത്.
സുവര്‍ണക്ഷേത്രത്തിലുണ്ടായ വധശ്രമത്തെത്തുടര്‍ന്ന് കനത്ത സുരക്ഷാസംവിധാനങ്ങളാണ്സുഖ്ബീര്‍ സിങ് ബാദലിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. ബാദലിന്റെ സുരക്ഷയില്‍ വന്‍ വീഴ്ച ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി ബിക്രം സിങ് മജിദിയ അമൃത്സര്‍ പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിങ് ഭുള്ളറിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. സഹതാപം പിടിച്ചുപറ്റാനായി ബാദല്‍ തന്നെ ആസുത്രണം ചെയ്ത സംഭവമായിരിക്കാം ഇതെന്നായിരുന്നു ഭുള്ളറിന്റെ പ്രസ്താവന.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ പോലീസുകാരിലൊരാള്‍ ശ്രദ്ധിച്ചിരുന്നതിനാലാണ് തോക്ക് പുറത്തെടുത്തയുടന്‍ അക്രമിയുടെ കൈകള്‍ പിടിച്ചുവെക്കാനായതെന്നും കമ്മീഷണര്‍ പറഞ്ഞു. ദിശമാറി വെടിയുണ്ട ബാദല്‍ ഇരുന്നതിനുപുറകിലെ ചുവരിലാണ് പതിച്ചത്. സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല. 190-ലേറെ പോലീസുകാര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. സെഡ് പ്ലസ് സുരക്ഷയുള്ളയാളാണ് ബാദല്‍.
2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് സുഖ്ബീര്‍ സിങ് ബാദലിനെ ശിക്ഷിച്ചത്.
STORY HIGHLIGHT: Sukhbir Singh Badal served his sentence despite the assassination attempt