വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയതില്‍ വിശദീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നൽകുന്നതെന്നും വഞ്ചിയൂര്‍ ബാബു വ്യക്തമാക്കി.
സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് ബ്ലോക്കുണ്ടായതെന്നും, വാഹനങ്ങള്‍ക്ക് പോകാന്‍ സ്ഥലമുണ്ടായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്‌റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതിനാൽ വഴി തടഞ്ഞ് വേദി കെട്ടിയതില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് വേദി കെട്ടിയത്. ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. പാതയോരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചത്.
STORY HIGHLIGHT: cpm area conference in trivandrum