പച്ചപ്പും മലനിരകളും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും മഴയും എന്ന് തുടങ്ങി എത്രയെത്ര വിസ്മയങ്ങളാണ് പ്രകൃതി നമുക്കു വേണ്ടി കരുതി വച്ചിരിക്കുന്നത്. ആസ്വദിക്കാനും ആനന്ദിക്കാനും അതിരില്ലാത്ത വിസ്മയങ്ങളുടെ കലവറ തന്നെയാണ് ഭൂമിയിലുള്ളത്. ഓരോ വെള്ളച്ചാട്ടം കാണുമ്പോഴും നമ്മുടെ മനസ്സിൽ ആനന്ദം തിരയടിക്കും. എന്നാൽ, ആ വെള്ളച്ചാട്ടം ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണെങ്കിലോ ? അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടവും ഇന്ത്യയിലെ ദുധ്സാഗർ വെള്ളച്ചാട്ടവും ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ, പെറുവിൽ കണ്ടെത്തിയ ഈ വെള്ളച്ചാട്ടം ഇതിനകം തന്നെ നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
വെള്ളച്ചാട്ടത്തിന്റെ ആകൃതിയുടെ പ്രത്യേകതയാണ് ഇതിനെ നിമിഷനേരം കൊണ്ട് സൈബർലോകത്ത് താരമാക്കിയത്. ‘നവവധുവിന്റെ വെള്ളച്ചാട്ടം’ എന്നാണ് പെറുവിലെ പ്രസിദ്ധമായ ഈ വെള്ളച്ചാട്ടത്തെ വൈറൽ വിഡിയോകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പാറക്കെട്ടിൽ നിന്ന് വെള്ളം താഴേക്കു പതിക്കുന്നത് ഒരു വധുവിന്റെ ആകൃതിയിലാണ്. അതുകൊണ്ടാണ് ഇതിനെ ‘വാട്ടർഫാൾ ഓഫ് ബ്രൈഡ്’ എന്ന് വിളിക്കുന്നത്. ശിരോവസ്ത്രത്തോടു കൂടി ഒരു നവവധു നിൽക്കുന്നതു പോലെയാണ് ഈ വെള്ളച്ചാട്ടം.
ശക്തിയിൽ വെള്ളം താഴേക്ക് പതിക്കുന്നതിനാൽ വെളുത്ത നിറത്തിലാണ് വെള്ളച്ചാട്ടം കാണപ്പെടുന്നത്. വെള്ളം ഒഴുകിയെത്തുന്നിടത്ത് ഒരു വലിയ കുളവുമുണ്ട്. ആളുകൾ ഇവിടെ നിൽക്കുന്നത് വിഡിയോയിൽ കാണാം. കാഴ്ചയിലെ ഈ മനോഹാരിത തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇത് മാത്രമല്ല ആകൃതി കൊണ്ടും ഉയരം കൊണ്ടും മറ്റും വ്യത്യസ്തമായ നിരവധി വെള്ളച്ചാട്ടങ്ങളാണ് നമ്മുടെ ചുറ്റുമുള്ളത്. പെറുവിലെ വടക്കുപടിഞ്ഞാറൻ നഗരമായ കജമാർകയിൽ നിന്ന് കുറച്ച് ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
STORY HIGHLLIGHTS: waterfall-in-the-shape-of-a-wedding-bride-chanchamayo-peru