കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഭൂമിയിലെ പല ധ്രുവപ്രദേശങ്ങളിലെയും മഞ്ഞ് ഇല്ലാതാവുകയാണ്. 2027ഓടെ ആർട്ടിക്കിലെ മഞ്ഞ് പൂർണമായും ഇല്ലാതാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ചരിത്രത്തിൽ ആദ്യമായി വേനൽക്കാലം നേരിടാൻ ഒരുങ്ങുകയാണ് ഈ പ്രദേശമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരായ കൊളറാഡോ ബോൾഡർ സർവകലാശാലയിലെ അലക്സാൻഡ്ര ജാൻ, ഗോഥൻബർഗ് സർവകലാശാലയിലെ സെലിൻ ഹ്യൂസ് എന്നിവരുൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്.
300 കംപ്യൂട്ടർ മോഡലുകൾ ഉപയോഗിച്ചാണ് ആർട്ടിക്കിൽ മഞ്ഞില്ലാതാകുന്ന ദിവസം പ്രവചിച്ചത്. ഇങ്ങനെ സംഭവിക്കുന്നത് ഭൂമിയുടെ ആവാസ വ്യവസ്ഥയെയും കാലാവസ്ഥയെയും കാര്യമായി ബാധിച്ചേക്കുമെന്ന് സെലിൻ ഹ്യൂസ് പറയുന്നു. ഇറ്റലി പോലുള്ള തെക്കന്‍ പ്രദേശങ്ങളിൽ -4°F (-20°C) വരെ തണുപ്പ്, സ്‌കാന്‍ഡിനേവിയയിലെ കാട്ടുതീ പോലുള്ള അതിരൂക്ഷ കാലാവസ്ഥാ വിപത്തുകൾക്ക് കാരണമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവരുടെ കണ്ടെത്തലുകൾ നേച്ചർ കമ്യുണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു ദശാബ്ദത്തിൽ 12 ശതമാനം എന്ന തോതിൽ ആർട്ടിക്ക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതായി ഗവേഷണം സൂചിപ്പിക്കുന്നു. വർധിച്ചുവരുന്ന ഹരിതഗൃഗ വാതകങ്ങളുടെ ബഹിർഗമനവും കാരണമായി വർത്തിക്കുന്നു. കടുത്ത ചൂടിൽ ഉരുകിയൊലിച്ച് പോകുന്ന മഞ്ഞുപാളികൾ ശൈത്യകാലത്ത് വീണ്ടും തിരികെ രൂപപ്പെടാതെയാകും. നാഷനൽ സ്നോ ആൻഡ് ഐസ് ഡാറ്റാ സെന്ററിന്റെ ഈ വർഷത്തെ റിപ്പോർട്ടിൽ ആർട്ടിക് സമുദ്രത്തിലെ ഐസിന്റെ ഏറ്റവും കുറഞ്ഞ വിസ്തീർണം 4.28 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്.
ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ആർട്ടിക്. ഉത്തരാർധഗോളത്തിൽ പ്രധാനമായും ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷനൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഉത്തരഭാഗമായും ഇതിനെ കണക്കാക്കാം.
ആർട്ടിക് സമുദ്രത്തിന് ചുറ്റുമായി യൂറേഷ്യ, വടക്കേ അമേരിക്ക, ഗ്രീൻലന്‍ഡ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ് ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട് കടൽ, അമുൺസൺ കടൽ, നോർഡെൻസ് ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ് ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ് ഉൾക്കടൽ, വൈറ്റ് സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. റഷ്യ, നോർവെ, ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ആർട്ടിക് സമുദ്രത്തിന്റെ തീരത്തായി നിലകൊള്ളുന്നു.
STORY HIGHLLIGHTS: arctic-ice-melt-2027-prediction