കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തിന് പിന്നാലെ കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. നിരവധി സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല.