ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 32 വർഷങ്ങൾ. 1992 ഡിസംബർ 6 നാണ് സകല നിയമസംവിധാനങ്ങളും നോക്കിനിൽക്കെ ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിർമ്മിതിയാണ് ബാബരി മസ്ജിദ്.
പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയർന്നെങ്കിലും കരം നൽകിയ ഭൂമിയിൽ പള്ളിയുടെ നിർമാണം ആരംഭിച്ചിട്ടില്ല. ബാബരി വീഴ്ത്തിയതോടെ, പട്ടികയിലുള്ള കൂടുതൽ പള്ളികളിന്മേൽ അധീശത്വം സ്ഥാപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് സംഘപരിവാർ. ബഹുസ്വര ഇന്ത്യയുടെ നെഞ്ചിലെ മായാത്ത മുറിവാണ് ഉത്തർപ്രദേശിലെ അയോദ്ധ്യയിലെ ബാബരി മസ്ജിദ്. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ പദ്ധതിക്കൊടുവിലാണ് കോടതിയെ പോലും നോക്കുകുത്തിയാക്കി സംഘപരിവാരം പള്ളിപൊളിച്ചുവീഴ്ത്തിയത്.
പള്ളി പൊളിച്ച് 32 വർഷം പിന്നിടുമ്പോഴും ആ കൊടുംപാതകത്തിൻറെ പേരിൽ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. ബാബരി മസ്ജിദ് തകർത്തതിൽ ആസൂത്രണമോ ക്രിമിനൽ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ടിരുന്നു. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപ്പുരിൽ പള്ളി നിർമിക്കാൻ നൽകിയ സ്ഥലത്ത് ഇപ്പോഴും ഒരു നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
അയോധ്യ തകർക്കത്തിൽ പരിഹാരത്തിനായി ദൈവത്തോട് പ്രാർഥിച്ചുവെന്ന മുൻ ചിഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ തുറന്നുപറച്ചിൽ ഏറെ വിമർശനത്തിനും ഇടയാക്കി. അയോധ്യയോടെ പള്ളികളിലൂടെ മേലുള്ള സംഘപരിവാറിന്റെ അവകാശവാദം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഒന്നിന് പിറകെ ഒന്നായി പള്ളികൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് .
ഗ്യാൻവാപിയും മധുര ശാഹി ഈദ് ഗാഹ് മസ്ജിദും കടന്ന്, സംഭൽ ശാഹി ജമാമസ്ജിദും, അജ്മീർ ദർഗയും, ഡൽഹി ജമാമസ്ജിദുമെല്ലാം കോടതി കയറുകയാണ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം രാജ്യത്ത് നിലനിൽക്കുമ്പോഴും സംഘ്പാറിവർ അവകാശവാദം ഉന്നയിക്കുന്ന മസ്ജിദുകളിൽ സർവേക്ക് അനുമതി നൽകുന്ന കോടതികളുടെ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ്.