കോഴിക്കോട്: എലത്തൂരിലെ ഡീസൽ ചോർച്ചയിൽ വിവിധ വകുപ്പുകളുടെയും എച്ച്പിസിഎൽ ന്റെയും അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് കലക്ടർക്ക് കൈമാറും. പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ പതിനൊന്നുമണിയോടെ ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ശുചീകരണം നടക്കുക.
എലത്തൂർ എച്ച്പിസിഎൽലെ ഇന്ധന ചോർച്ചയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, എച്ച്പിസിഎൽ അധികൃതർ എന്നിവർ യോഗത്തിനെത്തി. മെക്കാനിക്കൽ & ഇലക്ട്രോണിക്കൽ സംവിധാനത്തിലെ തകരാറാണ് കാരണമെന്ന് യോഗത്തിന് ശേഷം ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് പറഞ്ഞു.
എച്ച്പിസിഎൽ ന് ഗുരുതര വീഴ്ചയുണ്ടായെന്നും ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടർ കൂട്ടിച്ചേർത്തു.’ഇന്ധനം നിറയ്ക്കുന്ന സമയത്ത് അളവ് കൂടിയത് കാണിച്ചില്ല. തോടുകളിലും പുഴയിലും ഡീസൽ എത്തി മലിനമായി, വെള്ളത്തിൽ നിന്ന് ഡീസൽ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജലസ്രോതസ്സും വൃത്തിയാക്കണം, മണ്ണിൽ ഇറങ്ങിയ ഇന്ധനാവശിഷ്ടങ്ങളും മാറ്റേണ്ടതുണ്ട്. വെള്ളത്തിലെയും മണ്ണിന്റെയും മലിനീകരണ തോത് പരിശോധിക്കും.’- കലക്ടർ പറഞ്ഞു.