തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപപ്രദേശമാണ് പൂവാർ. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, അറബി കടലിനോട് ചേർന്നു കിടക്കുന്ന ഈ ദ്വീപ് അതിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ ചരിത്രത്തിനും പേരുകേട്ടതാണ്. ഇവിടെയുള്ള കടലും കായലും അഴിമുഖവും ചേര്‍ന്ന മത്സ്യബന്ധന ഗ്രാമങ്ങളും സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവമാകും. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാർ നദി പൂവാർ ദ്വീപിലൂടെ ഒഴുകുന്നു. നദിയിൽ ബോട്ട് യാത്ര നടത്താൻ സാധിക്കും. ചെറിയ നിരക്കില്‍ ബോട്ടിംഗിന് സൗകര്യം ലഭ്യമാണ്. പൂവാര്‍ കടല്‍ത്തീരം ഇനിയും തിരക്കേറിയിട്ടില്ലാത്ത തീരമേഖലയാണ്. തീരഗ്രാമങ്ങളിലെ ജീവിതമറിയാന്‍ യോജിച്ച ഇടം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമം കൂടിയാണ് പൂവാർ. ഇവിടുന്നും ഏതാനും കിലോമീറ്റർ യാത്ര ചെയ്താൽ തമിഴ്നാട്ടിലേക്ക് എത്താം. 56 കിലോമീറ്റർ നീണ്ടു കിടക്കുന്ന നെയ്യാർ പുഴ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബി കടലിൽ ലയിക്കുന്നത് ഇവിടെ പൂവാറിലാണ്. കണ്ണുകൾക്ക് കുളിർമയേകുന്ന പ്രകൃതിഭംഗിയുളള ഇടമാണിത്. കറുത്ത മണലും ശാന്തമായ കടലുമാണ് പൂവാർ ബീച്ചിനെ പ്രത്യേകമാക്കി നിർത്തുന്നത്. മനോഹരമായ പൊഴിമുഖം, അഗാധമായ അറേബ്യൻ കടൽ, തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ പൂവാറിലുണ്ട്.
പൂവാറിന് സമ്പന്നമായ ചരിത്രമുണ്ട്. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ്മ ഇവിടം സന്ദർശിച്ചിരുന്നു. പിന്നീട് നദിയിൽ പൂക്കൾ നിറഞ്ഞിരുന്നത് കണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് ‘പൂവാർ’ എന്ന് പേരിട്ടെതെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്നും റോഡ് മാർഗം പൂവാറിലേക്ക് ഏകദേശം 33 കിലോമീറ്റർ യാത്രയാണുള്ളത്. ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തിരുവനന്തപുരത്തോ നെയ്യാറ്റിൻകരയിലോ ഇറങ്ങാം. നെയ്യാറ്റിൻകരയിൽ നിന്നും 10 കിലോമീറ്റർ ദൂരമുണ്ട് പൂവാറിൽ എത്താൻ. തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്ന് പൂവാറിലേക്ക് കെഎസ്ആർടിസി പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് പൂവാറിന് ഏറ്റവും അടുത്ത വിമാനത്താവളം. വിമാനത്താവളത്തിൽ നിന്ന് പൂവാറിലേക്ക് ടാക്സി അല്ലെങ്കിൽ ബസ് ലഭ്യമാണ്.