Recipe

മീൻ മുളകിട്ടത്, വേറെ ലെവൽ രുചി | meen-mulakittathu

സ്വാദിഷ്ടമായ മീൻ മുളകിട്ടത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

1. മുള്ളൻ മീൻ – 1/2 കിലോഗ്രാം
2. കുടംപുളി – 2 കഷ്ണം
3. ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
4. വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
5. ചെറിയ ഉള്ളി ചതച്ചത് – 3 ടേബിൾ സ്പൂൺ
6. തക്കാളി – 1 എണ്ണം
7. ഉലുവ – 1 ടീസ്പൂൺ
8. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
9. എരിവുള്ള മുളകുപൊടി – 1 ടേബിൾ സ്പൂൺ
10. കാശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
11. കുരുമുളക് പൊടി – 1/4 ടീസ്പൂൺ
12. വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
13. കറിവേപ്പില
14. വെള്ളം – 2 കപ്പ്
15. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ആദ്യം തന്നെ രണ്ട് മീഡിയം വലുപ്പമുള്ള കുടംപുളി ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് 10 മിനിറ്റ് ചെറുതായി പുളി ഇറങ്ങാനായി മാറ്റി വയ്ക്കാം.
  • പിന്നീട് ഒരു മൺചട്ടി മീഡിയം തീയിൽ ചൂടാക്കി അതിലേക്ക് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
  • വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിച്ചെടുക്കുക.
  • ശേഷം അതിലേക്ക് കുറച്ച് കറിവേപ്പില ചേർക്കുക. പിന്നീട് ചതച്ച് മാറ്റി വച്ചിട്ടുള്ള വെളുത്തുള്ളിയും ഇഞ്ചിയും ചെറിയ ഉള്ളിയും ചേർത്ത് കൊടുത്തിട്ട് നന്നായി മൂപ്പിച്ചെടുക്കുക. ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും എല്ലാം നന്നായി മൂത്തു വരുമ്പോൾ തീ നന്നായി കുറച്ചു വച്ചിട്ട് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ നല്ല എരിവുള്ള മുളകുപൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും കാൽ ടീസ്പൂൺ കുരുമുളകു പൊടിയും കൂടെ ചേർത്ത് കൊടുത്തിട്ട് ഈ പൊടികളുടെ  പച്ച മണം മാറുന്നതു വരെ ഇളക്കുക.
  • ശേഷം ചെറുതാക്കി അരിഞ്ഞ ഒരു തക്കാളി ചേർത്ത് നന്നായി ഉടയുന്നതു വരെ വേവിക്കുക. തക്കാളി നന്നായി ഉടഞ്ഞ് യോജിച്ച് കഴിയുമ്പോൾ കുടംപുളി വെള്ളത്തോടെ ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കുക.
  • വെള്ളം ആവശ്യമെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. തിളച്ച് വരുമ്പോൾ ഇതിലേക്ക് മീൻ ചേർത്ത് കൊടുക്കുക. കുറച്ച് കറിവേപ്പിലയും കൂടെ ഈ സമയത്ത് ചേർക്കുക. മീൻ ഏകദേശം 6 – 7 മിനിറ്റ് മാത്രം വേവിച്ചാൽ മതി. തിളച്ച് കഴിഞ്ഞാൽ പിന്നെ തവിയിട്ട് ഇളക്കാൻ പാടില്ല. ചെറുതായി ചുറ്റിച്ച് കൊടുത്താൽ മാത്രം മതി. മീൻ നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫാക്കാം.

content highlight: meen-mulakittathu