ഇപ്പോൾ കെട്ടി വച്ചാൽ ക്രിസ്തുമസിന് പകരാൻ സാധിക്കുന്ന തരത്തിലുള്ള ഒരു വൈൻ തന്നെ തയ്യാറാക്കാം. കരുതലോടെയുള്ള മുന്നൊരുക്കങ്ങൾ അതിന് ആവശ്യമാണ്.
ചേരുവകൾ
- മുന്തിരി- 6 കിലോ
- പഞ്ചസാര- 4 കിലോ
- യീസ്റ്റ്- 9 ഗ്രാം
- വെള്ളം- 2 ലിറ്റർ
- ഗോതമ്പ്- 1/2 കിലോ
- ഗ്രാമ്പൂ
- കറുവാപ്പട്ട
- ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
- ആറ് കിലോ കറുത്ത മുന്തിരി ഉപ്പ് ചേർത്ത വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം.
- കഴുകിയെടുത്ത മുന്തിരി അൽപ്പം പോലും വെള്ള മയം ഇല്ലാതെ ഉണക്കിയെടുക്കുക.
- അര കിലോ ഗോതമ്പ് കഴുകി ഉണക്കിയെടുത്ത് വെയ്ക്കാം.
- ഒരു മൺ ഭരണി കഴുകി തുടച്ച് ഒട്ടും നനവില്ലാതെയെടുക്കാം.
- അതിലേക്ക് പഞ്ചസാരയും മുന്തിരിയും പല ലെയറുകളായി ചേർക്കുക.
- മുകളിലായി അര കിലോ ഗോതമ്പ് ഉണക്കിയെടുത്തത് ചേർക്കാം.
- ഏറ്റവും മുകളിലായി മൂന്ന് ബോട്ടിൽ, ഏകദേശം ഒമ്പത് ഗ്രാം യീസ്റ്റ് തിളച്ച വെള്ളത്തിൽ അലിയിച്ചെടുത്ത് ഒഴിക്കൂ.
- 2 ലിറ്റർ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് ഭരണി അടയ്ക്കാം.
- കട്ടിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് വായുസഞ്ചാരം ഉണ്ടാകാത്ത വിധത്തിൽ ഭരണിയുടെ വായ ഭാഗം മുറിക്കി കെട്ടുക.
- മൂന്ന് ദിവസം വരെ അത് അനക്കാതെ, നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കാം.
- മൂന്ന് ദിവസം കൂടുമ്പോൾ സൂര്യൻ ഉദിക്കുന്നതിനു മുമ്പ് അതിരാവിലെ ഭരണി തുറന്ന് തടി കൊണ്ടുള്ള തവി ഉപയോഗിച്ച് ഇളക്കാം. വീണ്ടും ഭരണി സുരക്ഷിതമായി അടച്ച് വെയ്ക്കുക
- 15ാം ദിവസം ഒരു പിടി ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ നന്നായി ചതച്ചെടുത്ത് ഭരണിയിലേക്ക് ചേർത്ത് സുരക്ഷിതമായി മൂടി കെട്ടി വയ്ക്കാം. ഇനി ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതില്ല.
- 21ാമത്തെ ദിവസം ഇത് തുറന്ന് മറ്റൊരു ചില്ല് ഭരണിയിലോ അല്ലെങ്കിൽ മൺഭരണയിലേക്കോ ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കാം.
- 12 മണിക്കൂർ അനക്കാതെ വച്ചതിനു ശേഷം ഭരണി വീണ്ടും മുറുക്കി കെട്ടിവയ്ക്കാം.
സൂര്യപ്രകാശം നേരിട്ട് എൽക്കാത്ത സ്ഥലത്ത് ഈ ഭരണി സൂക്ഷിക്കാം. - ഇത് 7, 14, 21 ദിവസങ്ങൾ വരെ ഇഷ്ടാനുസരണം സൂക്ഷിക്കാം. അതിനു ശേഷം തുറന്ന് കുപ്പികളിലാക്കി പകർന്ന് രുചിച്ചു നോക്കൂ.
വൈൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഗ്ലാസ് ഭരണികളെക്കാളും മണ്ണ് കൊണ്ടുള്ള ഭരണിയിൽ വൈൻ ഉണ്ടാക്കുന്നതാണ് എല്ലായിപ്പോഴും നല്ലത്. ഭരണി നല്ലവണ്ണം ഉണങ്ങി, നനവ് ഒട്ടും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
- മുന്തിരിയോ അല്ലെങ്കിൽ മറ്റെന്ത് ചേരുവകളാണെങ്കിലും വെള്ളത്തിൻ്റെ അംശം അൽപ്പം പോലും ഉണ്ടാകരുത്.
- ചേരുവകൾ ഇളക്കാൻ മെറ്റൽ തവി ഉപയോഗിക്കരുത്. പകരം തടി കൊണ്ടുള്ള തവി ഉചിതമായിരിക്കും. കറുവാപ്പട്ടയുടെ കമ്പ് ഉപയോഗിക്കുന്നതും നല്ലതാണ്.
- ഭരണിയുടെ പകുതിവരെ ഏകദേശം മുക്കാൽ ഭാഗം വരെ മാത്രമേ ചേരുവകൾ നിറയ്ക്കാവൂ.
- ഭരണി നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാൻ.
- കട്ടിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് വേണം ഭരണിയുടെ വായ മൂടി കെട്ടുവാൻ.
- വീടുകളിലെ വൈൻ നിർമാണത്തിൽ അതീവ ശ്രദ്ധ പുലർത്തുക. വീട്ടിലെ ആവശ്യത്തിനോ കേക്ക് നിർമിക്കാനോ മാത്രം വൈൻ തയ്യാറാക്കുക
- വൈൻ വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനും വിപണനം ചെയ്യുന്നതിനും ലൈസൻസ് ആവശ്യമാണ്.
- മുന്തിരി വൈൻ എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
content highlight: home-made-grape-wine-recipe