Travel

നിശബ്ദ താഴ്‌വരയിലേക്ക് പോകാം; അചുംബിതമായ ജൈവ പ്രകൃതിയുടെ പാഠശാലയായ സൈലന്റ് വാലി

പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിലാണ് സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി, ഇരവികുളം, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങൾ. അഞ്ചിൽ നാലും സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിൽ ആണ്. സൈലന്റ് വാലി മാത്രമാണ് ഇടുക്കിക്ക് പുറമെയുള്ളത്. അത് തന്നെയാണ് സൈലന്റ് വാലിയെ വ്യത്യസ്തമാക്കുന്നതും. 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്. സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെയാണ്. വടക്ക് നീലഗിരി കുന്നുകള്‍ അതിരുടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി. ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞൻമാർ വിലയിരുത്തുന്നത്.

ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം. ഈ ദേശീയോദ്യാനത്തിന്റെ മുഖമുദ്രകളിലൊന്നാണു സിംഹവാലന്‍ കുരങ്ങുകൾ. പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടന്നുവേണം സൈലന്റ് വാലിയിലേക്ക്‌ പ്രവേശിക്കാന്‍. 2012-ല്‍ യുനെസ്‌കോ ആണ് ഈ വനമേഖലക്ക് ലോകപൈതൃക പദവി നല്‍കിയത്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണ മേഖലയിലെ ജീവജന്തു സമൂഹത്തില്‍ കാണുന്ന എല്ലാ ജീവികളെയും ഇവിടെ കാണാം.

ആയിരത്തിലേറെ ഇനം പുഷ്പിത സസ്യങ്ങള്‍ സൈലന്റ് വാലിയില്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 110 ലേറെ ഇനം ഓര്‍ക്കിഡുകളും. നിശാശലഭങ്ങളുടെ 400 ഇനങ്ങളും 200 ലേറെ ഇനം ചിത്രശലഭങ്ങളും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആദ്യമായി രേഖപ്പെടുത്തപ്പെട്ട 10 ഇനങ്ങള്‍ ഉള്‍പ്പെടെ ഷഡ്പദങ്ങളുടെ പട്ടിക 128-ലേറെ വരും. സന്ദര്‍ശകര്‍ക്ക് ജൈവ സമ്പത്തിന്റെയും ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.

മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം. ഇക്കോ ഡവലപ്മെന്റ്റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും. ഈ യാത്രയിൽ വന്യജീവികളെ അടുത്തുകാണാനുള്ള അവസരവും ലഭിക്കും.