കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇതിൽ മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞും മൂന്നാറിന്‍റെ പരന്നകാഴ്‌ചകളും വരയാടിന്‍ കുഞ്ഞുങ്ങളുമൊക്കെയാണ് സഞ്ചാരികളെ ഉദ്യാനത്തിലേക്ക് ആകര്‍ഷിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയോദ്യാനം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. ഇനി 2030-ലാണ് നീലക്കുറിഞ്ഞി പൂക്കുക.
മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായിട്ടാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്. ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുന്‍പ് കണ്ണൻ ദേവൻ കമ്പനിയുടെ പ്രധാന കേന്ദ്രമായിരുന്നു. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുക്കുകയും വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയുമാണ് ഉണ്ടായത്. 1978ലാണ് ഇരവികുളം ദേശീയോദ്യാനമായി ഉയര്‍ത്തപ്പെട്ടത്.
അപൂർവഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടു പോവുക. അപൂർവ്വമായ ഓർക്കിഡുകളും, കാട്ടുപൂക്കളും, കുറിഞ്ഞികളും നിറഞ്ഞ വഴിയിൽ കാട്ടുപോത്ത്, കരിങ്കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും കാണാം.
ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിലാണ്. 97ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ഉല്ലാസ യാത്രക്കും പ്രകൃതി സൗന്ദര്യം നുകരാനും അനുയോജ്യമായ പ്രദേശമാണ്. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് പാര്‍ക്കില്‍ ഓരോ വര്‍ഷവും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. അതിനാൽ മലനിരകളും ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ പാര്‍ക്കിന്‍റെ പലഭാഗങ്ങളും എത്തിപ്പെടാന്‍ വിനോദസഞ്ചാരികള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പലയിടങ്ങളിലേക്കും സഞ്ചാരികൾക്ക് സന്ദർശനം ഇല്ലാത്തതുകൊണ്ട് തന്നെ പാര്‍ക്കിനെ മനസിലാക്കാനും മലനിരകളെ കയ്യെത്തും ദൂരത്ത് കാണുന്നതിനും ഇവിടെ വെര്‍ച്ച്വല്‍ റിയാലിറ്റിയില്‍ ആസ്വദിക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ആദ്യകാലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കിലെത്തി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുത്ത് പാര്‍ക്കില്‍ കയറേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇന്നാകട്ടെ അത്തരം രീതികള്‍ പാടെ മാറി വിനോദസഞ്ചാരികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ ഓണ്‍ ലൈനായും വാട്‌സ്‌ആപ്പ് മുഖേനയും ടിക്കറ്റുകള്‍ എടുക്കുന്നതിന് സൗകര്യമുണ്ട്.