ഇടുക്കി കട്ടപ്പന ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബൈസൺ വാലി സ്വദേശി സിറിൽ വർഗീസിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഇടുക്കി ആർ ടി ഒ സസ്പെൻഡ് ചെയ്തത്. എടപ്പാൾ ഐ ഡി ടി ആറിൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. കട്ടപ്പന പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു സംഭവം നടന്നത്. അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്, സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. യുവാവിനെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന– നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന ദിയാമോൾ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്.