നാല് വയസുകാരിയോട് നിരന്തരം ലൈംഗികാതിക്രമം നടത്തിയ 63കാരനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (രണ്ട്) ആറ് വർഷവും ഒരു മാസവും കഠിന തടവ് അനുഭവിക്കാനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വേങ്ങര ഊരകം പുല്ലൻചാലിൽ പുത്തൻപീടിക പനക്കൽ പ്രഭാകരനെയാണ് (63) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് ഒന്നിനും അതിനു മുമ്പ് പല തവണയും കുട്ടിയ്ക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. പോക്സോ ആക്ട് പ്രകാരം അഞ്ച് വർഷം കഠിന തടവും 5,000 രൂപ പിഴയും, മാനഹാനി വരുത്തിയതിന് ഒരു വർഷത്തെ കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു മാസത്തെ കഠിന തടവും ശിക്ഷയുണ്ട്.