എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി.സതീശൻ. നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം എതിർക്കാൻ കാരണം സിപിഎമ്മുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തു വരുമെന് ഭയമാണെന്ന് പ്രിതപക്ഷ നേതാവ് ആരോപിച്ചു. എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ നൽകിയ കേസിൽ സിബിഐ അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഒരുപാട് കാര്യങ്ങൾ സർക്കാരിനും സിപിഎമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നിലെ ഗുഡാലോചന എന്താണ്? പ്രശാന്തൻ ആരുടെ ബിനാമിയാണ്? എന്തുകൊണ്ടാണ് പ്രശാന്തനെതിരെ കേസെടുക്കാതിരുന്നത്? നവീൻ ബാബുവിന്റെ കുടുംബത്തിൽ പോയി അവരുടെ കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പ്രതിയായ പി.പി.ദിവ്യ ജയിലിൽ നിന്നും ഇറങ്ങുമ്പോൾ സ്വന്തം ഭാര്യയെ വിട്ട് സ്വീകരിച്ചത് എന്തിനു വേണ്ടിയാണ്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷനേതാവ് ഉയർത്തിയത്.
ബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുകയായിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയാറല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. ഹർജി 12 ന് പരിഗണിക്കാനായി മാറ്റി. അതേസമയം കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്. സംസ്ഥാന സർക്കാർ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു.