തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു.
കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ്. കിഴക്കോക്കോട്ടയിൽ എത്തി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ് ആർടിസി ബസ് മുന്നോട്ടെടുക്കുമ്പോൾ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു.
ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി, പൊലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.