ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാർ. സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, താൻ കൂടി അംഗമായ ‘ആത്മ’ യിലെ ആരെയും അപമാനിച്ചിട്ടില്ല. കാളപെറ്റെന്ന് കേട്ടയുടൻ കയർ എടുക്കരുതെന്ന് പ്രേംകുമാർ മറുപടിയിൽ സൂചിപ്പിച്ചു. “ചില പരിപാടികൾ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും മലിനപ്പെടുത്തുന്നുണ്ട്. കലയുടെ പേരിൽ കടന്നുവരുന്ന വ്യാജ നിർമ്മിതികൾ എൻഡോസൾഫാനെ പോലെ അപകടകരം എന്നാണ് താൻ പറഞ്ഞത്. ആത്മയുടെ മീറ്റിംഗിൽ തന്റെ നിലപാട് നേരിട്ട് വിശദീകരിച്ചത് ഗണേഷ് കുമാർ മറന്നുകാണില്ല. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും ശരിയായ അർത്ഥവും ഉദ്ദേശശുദ്ധിയും മനസ്സിലാക്കാതെ പുച്ഛിച്ചുതള്ളുകയും അത് ഉയർത്തുന്നവരെ വ്യക്തിപരമായ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ള സംഘടനക്ക് ഭൂഷണമല്ല” പ്രേംകുമാർ കത്തിൽ വ്യക്തമാക്കി.