അലർജിയും ശ്വാസതടസവും അടക്കമുള്ള പല പ്രശ്നങ്ങളുടെയും പ്രധാന കാരണം മുറികൾക്കുള്ളിലെ ഈർപ്പം ഇല്ലാത്ത വരണ്ട വായു ആണ്. വരണ്ട വായു ചർമ്മത്തിൽ നിന്ന് ഈർപ്പം ബാഷ്പീകരിക്കപ്പെടാനും ശ്വസന പ്രശ്നങ്ങൾ ഉള്ളവരിൽ കാലക്രമേണ അത് വഷളാകാനും ഇടയാക്കും. ഒരു ഹ്യുമിഡിഫയർ ഉപയോഗിച്ച് വായുവിൽ ഈർപ്പം നിലനിർത്തുന്നത് ഈ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നതാണ്.
വേനൽക്കാലത്തും ശൈത്യകാലത്തും ഒരുപോലെ ഉപയോഗപ്രദമാണ് ഹ്യുമിഡിഫയറുകൾ. ഈ മാസങ്ങളിൽ ചില ആളുകൾക്ക് ശ്വസന പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ അനുഭവപ്പെടാം. കൂടാതെ എയർകണ്ടീഷണറുകളും ഫാനുകൾക്കും പ്രവർത്തിപ്പിക്കുന്നത് മുറിയിലെ വരണ്ട വായു കൂടുതൽ വരണ്ടതാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും എയർകണ്ടീഷണറുകൾ വായുവിൽ നിന്ന് ഈർപ്പം നീക്കം ചെയ്യുന്നവയാണ്. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ വായു വരേണ്ടതാകുന്നത് വഴി ശ്വസന പ്രശ്നങ്ങൾ , ചർമം വരളുക , ചുണ്ടുകൾ വിണ്ടുകീറുക , ചുമ , അലർജി , തൊണ്ടയിലെ വരൾച്ച , ചില സമയങ്ങളിൽ മൂക്കിൽ നിന്നും രക്തം വരൽ എന്നിവയെല്ലാം ഉണ്ടാകുന്നു.
ഇത്തരം അവസ്ഥകളിൽ ഹ്യുമിഡിഫയറുകൾ മുറികളിൽ പ്രവർത്തിപ്പിക്കുന്നത് ഏറെ ഗുണകരമാണ്. ഹ്യുമിഡിഫയറുകൾ വായുവിൽ ഈർപ്പം സൃഷ്ടിക്കുന്നത് വഴി ശ്വാസനാളത്തിലേക്ക് കൂടുതൽ ഈർപ്പം ലഭിക്കാനിടയാക്കും. ഇത് വരണ്ട ചുമ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ ജലദോഷം ഉണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെ തടയുന്നതിലും ഹ്യുമിഡിഫയറുകൾ ഫലപ്രദമാണ്.
രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഒരു ഹ്യുമിഡിഫയർ പ്രവർത്തിപ്പിച്ച് വായുവിൽ ഈർപ്പം സൃഷ്ടിക്കുന്നത് വഴി ശ്വാസനാളങ്ങൾ ലൂബ്രിക്കേറ്റ് ചെയ്യപ്പെടുകയും ശ്വസന പ്രശ്നങ്ങൾ , കൂർക്കംവലി എന്നിവ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യുന്നു. കൂടാതെ ഹ്യുമിഡിഫയറുകളുടെ ഉപയോഗംകൊണ്ട് ചർമത്തിലും മുടിയിലും ഈർപ്പം നിലനിർത്താനും കഴിയുന്നു. ഇതുവഴി ചർമപ്രശ്നങ്ങൾ മുടികൊഴിച്ചിൽ എന്നിവയും വലിയൊരളവിൽ പരിഹരിക്കപ്പെടും.