ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു പറഞ്ഞു. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർമിപ്പിക്കുമെന്നും സിസിടിവി ദ്യശ്യങ്ങൾ ശനിയാഴ്ച്ച നൽകുമെന്നും അദ്ദേഹം അറിയിച്ചു. “ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷണം നടത്തി.ഈ റിപ്പോർട്ടും തിങ്കളാഴ്ച നൽകും.ആർക്കും പ്രത്യേക പരിഗണന നൽകരുത് എന്ന് കോടതി വിധിയാണ്.
സിസിടിവിയിൽ എല്ലാം ഉണ്ട് അത് ഉൾപ്പെടുത്തിയാകും റിപ്പോർട്ട് നൽകുക.ആരൊക്കെ ഹരിവരാസന സമയത്ത് ഉണ്ടെന്നത് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.ആർക്കും ഒന്നും മറച്ചുവെക്കാനില്ല.- അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി ഇന്ന് രംഗത്ത് വന്നിരുന്നു.മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ ക്യൂവില്‍ നിർത്തി ദിലീപിനും സംഘത്തിനും വിഐപി ദർശനം ഒരുക്കിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.
പൊലീസ് അകമ്പടിയോടെ ഇവർ എങ്ങനെയാണ് ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നു നിന്നത് എന്നും കോടതി ചോദിച്ചു. ഈ സമയത്ത് മറ്റുള്ളവരുടെ ദര്‍ശനം മുടങ്ങി. അവരെ തടഞ്ഞത് എന്തിനാണെന്നും ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നു ഹൈക്കോടതി ചോദിച്ചു. ഹരിവരാസനം സമയത്ത് അവസാനം വരെ നില്‍ക്കുന്നത് ആര്‍ക്കുമുള്ള പ്രിവിലേജല്ലെന്നും കോടതി വ്യക്തമാക്കി.