കോഴിക്കോട് എലത്തൂർ എച്ച്പിസിഎൽ ഡീസൽ ചോർച്ചയിൽ ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. സെൻസർ ഗേജ് തകരാറുമൂലമാണ് അപകടമുണ്ടായത്. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ മലിനീകരണം ഉണ്ടായതായും കണ്ടെത്തി.
റവന്യൂ, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന സേന, ഫാക്റ്ററീസ് & ബോയിലേഴ്സ്, കോഴിക്കോട് കോർപറേഷൻ എന്നീ ആറ് വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഉന്നതതല സമിതിയാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. സംഭവത്തിൽ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആക്ട്, മലിനീകരണ നിയന്ത്രണ ബോർഡ് നിയമങ്ങൾ എന്നിവ പ്രകാരം കേസെടുക്കും. ഫാക്ടറീസ് ആക്ട് സെക്ഷൻ 92, 96 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് ഷോകോസ് നോട്ടീസും നൽകി.
അതേസമയം, ഡീസൽ ചോർച്ചയിൽ സമീപവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ആരോഗ്യ വിഭാഗം റിപ്പോർട്ട്. എച്ച്പിസിഎൽ ഡിപ്പോയ്ക്ക് സമീപത്തെ 35 വീടുകളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് ആരോഗ്യ വിഭാഗം സമർപ്പിച്ചത്. കുട്ടികളുൾപ്പടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. തലവേദന, ഛർദി, കണ്ണെരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാണ് ഡിപ്പോയുടെ സമീപത്ത് താമസിക്കുന്നവർ അനുഭവിക്കുന്നത്.