ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കാനിങ് കേന്ദ്രങ്ങളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തും. പലയിടങ്ങളിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ആണ് അന്വേഷണം. ആലപ്പുഴയില്‍ രണ്ട് സ്‌കാനിങ് കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഗുരുതരമായ ഇത്തരത്തിലുള്ള വീഴ്ച മറ്റ് ലബുകളിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ നിയോഗിച്ചത്. അതേസമയം, എല്ലാ ലാബുകളും ഇത്തരത്തില്‍ വീഴ്ച വരുത്തുന്നവെന്ന അഭിപ്രായം സര്‍ക്കാരിനുമില്ല. എന്നാല്‍ വീഴ്ചയുള്ള ലാബുകളിലെ ക്രമക്കേട് കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്ന് മുതല്‍ തന്നെ പരിശോധന ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും സ്‌കാനിംഗ് സെന്‍ട്രല്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് കൈമാറിയത്. വി മീനാക്ഷി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്.ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.