പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അല്ലു അര്‍ജുന്‍. ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു.
ഇത്തരമൊരു സംഭവം നടന്നതിൽ ഹൃദയം തകർന്നു. ആ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. ഇപ്പോൾ അവരുടെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീ തേജിന്‍റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും, അല്ലു അര്‍ജുന്‍ അറിയിച്ചു.
ഭര്‍ത്താവ് മൊഗഡാന്‍പള്ളി ഭാസ്കറിനും മകന്‍ ശ്രീ തേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞതിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി. ഈ സമയത്താണ് പ്രീമിയര്‍ കാണാനായി അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയത്. തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം ഇതോടെ അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.
തിരക്കിന്‍റേതായ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ശ്രീ തേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.