ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡിസംബർ ഒമ്പതിന് ബംഗ്ലാദേശ് സന്ദർശിക്കും. വിദേശകാര്യ ഓഫീസ് കൂടിയാലോചനയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം അറിയിച്ചത്. സന്ദർശന വേളയിൽ നിരവധി സുപ്രധാന മീറ്റിങ്ങുകളിൽ മിസ്രി പങ്കെടുക്കുമെന്നും ജയ്സ്വാൾ അറിയിച്ചു.
നവംബർ 25ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തതാണ്.
അതേസമയം, കൊൽക്കത്തയിലെ ആക്ടിങ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഷിക്ദർ മുഹമ്മദ് അഷ്റഫുർ റഹ്മാനെ ബംഗ്ലാദേശ് വിളിച്ചുവരുത്തി. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അടിയന്തര കൂടിയാലോചനകൾക്കായാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. ബംഗ്ലാദേശ് രാഷ്ട്രീയകാര്യ മന്ത്രി കൂടിയായ റഹ്മാൻ ധാക്കയിലേക്ക് മടങ്ങി.