10 കോടിയിലധികം ദിർഹം വരുന്ന നികുതി വെട്ടിപ്പും രേഖകളിൽ കൃത്രിമത്വവും നടത്തിയവരെ പിടികൂടി യുഎഇ. ഇവരെ വിചാരണ നടപടികൾക്കായി റഫർ ചെയ്തു. 12 കമ്പനികളും വ്യക്തികളുമാണ് തട്ടിപ്പ് നടത്തിയത്. നികുതി വെട്ടിക്കാൻ കമ്പനികളും വ്യക്തികളും ചേർന്ന് നടത്തിയ തട്ടിപ്പാണ് ഒടുവിൽ കുരുക്കായത്.
വാങ്ങിയിട്ടില്ലാത്ത വസ്തുക്കൾക്ക് രേഖയുണ്ടാക്കി വാല്യു ആഡഡ് ടാക്സിൽ – ടാക്സ് റീഫണ്ട് നേടി. മറ്റു കമ്പനികളുടെ പേരിൽ കയറ്റി അയച്ചും പണം തട്ടി. ഇറക്കുമതി തീരുവയിലും കൃത്രിമത്വം കാട്ടി. നികുതി വെട്ടിക്കാൻ രേഖകളിൽ കൃത്രിമം കാണിച്ചത് 12 കമ്പനികളാണ്. ഇതോടൊപ്പം കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും. സാമ്പത്തിക കാര്യ മന്ത്രാലയം, ചേംബർ ഓഫ് കൊമേഴ്സ്, കസ്റ്റംസ് എന്നിവരെയാണ് കൃത്രിമ രേഖകൾ നൽകി കബളിപ്പിച്ചത്.
ഇതിനായി ക്രിമിനൽ ഗ്യാങ് തന്നെ പ്രവർത്തിച്ചു എന്ന് കണ്ടെത്തി. യുഎഇ അറ്റോണി ജനറൽ ഡോ. ഹമദ് സയ്ഫ് അൽ ഷംസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണവും നടപടികളും നടന്നത്. ഫെഡറൽ പ്രോസിക്യുഷന്റെ പ്രാഥമിക അന്വേഷണം നടന്നു. തട്ടിപ്പ് നടത്തിയവരിൽ ചിലർ ഇതിനോടകം അറസ്റ്റിലായി. ബാക്കിയുള്ളവർക്ക് വാറണ്ട് നൽകി. 107 ദശലക്ഷം ദിർഹത്തിന് മീതെയാണ് തട്ടിപ്പ് .