ന്യൂഡൽഹി: പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതോടെ പഞ്ചാബിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്കു നടത്തിയ കാൽനട ജാഥ പിൻവലിച്ചു. പൊലീസ് ആക്രമണത്തിൽ ഒട്ടേറെ കർഷകർക്കു പരുക്കേറ്റതിനാൽ ജാഥ ഒരുദിവസത്തേക്കു നിർത്തിവയ്ക്കുന്നതായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) നേതാവ് സർവാൻ സിങ് പാന്ധേർ പറഞ്ഞു. ‘ചർച്ചയ്ക്കു തയാറാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ചർച്ച നടത്തുന്നുണ്ടോ എന്നറിയാൻ ഇന്നൊരു ദിവസം കാത്തിരിക്കും. നാളെ ഉച്ചയ്ക്കു 12നു വീണ്ടും ജാഥ പുനരാരംഭിക്കും’ – പാന്ധേർ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 101 കർഷകരുടെ കാൽനട യാത്ര ശംഭു അതിർത്തിയിൽ നിന്നു ആരംഭിച്ചപ്പോൾ തന്നെ ഹരിയാന പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ബാരിക്കേഡുകൾ മറികടന്നു കർഷകർ മുന്നോട്ടു നീങ്ങാൻ ശ്രമിച്ചപ്പോഴാണ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത്. കണ്ണും വായും മൂടിയും നനഞ്ഞ ചാക്കുകൾ പുതച്ചും പ്രതിരോധിക്കാൻ കർഷകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, കാർഷിക വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമായാണു സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ കർഷകർ ഡൽഹിയിലേക്കു മാർച്ച് നടത്തുന്നത്. കർഷകർക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ചത് അപലപനീയമാണെന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കർഷകരോട് മോദി സർക്കാർ എന്നും അനുഭാവത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളെന്നും ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം കോൺഗ്രസാണെന്നും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു.