ജറുസലം: കമാൽ അദ്വാനു ആശുപത്രിക്കു നേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ നടപടിയെ ലോകാരോഗ്യ സംഘടന വിമർശിച്ചു. മുന്നറിയിപ്പു നൽകാതെയാണ് ആക്രമണമെന്നും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടെ പുറത്താക്കിയെന്നും കുറ്റപ്പെടുത്തി. ആശുപത്രിക്കു സമീപമുള്ള ജനവാസ മേഖലയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ 30ൽ അധികം പേർ കൊല്ലപ്പെട്ടു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ പറഞ്ഞു. ഗാസ സിറ്റി, റഫ, അൽ മുസദ്ദർ, മവാസി, ബുറൈജ് അഭയാർഥി ക്യാംപുകളിലും ആക്രമണമുണ്ടായി. റഫയിൽ 3 പേർ കൊല്ലപ്പെട്ടു. ലബനൻ– സിറിയ അതിർത്തിയായ അരീദയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ലബനനിലെ ഹിസ്ബുല്ലയ്ക്കു വേണ്ടി അതിർത്തി വഴി ആയുധങ്ങൾ കടത്തുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.
അതിനിടെ, ഗാസ വെടിനിർത്തൽ ചർച്ചകൾ തുർക്കിയിലെ ഇസ്തംബുളിൽ പുനരാരംഭിച്ചു. ഖത്തറിൽനിന്ന് ഉൾപ്പെടെ മധ്യസ്ഥർ ചർച്ചകൾക്കായി തിരിച്ചെത്തിയതായി ഹമാസ് വ്യക്തമാക്കി. പലവട്ടം ചർച്ച പരാജയപ്പെട്ടതോടെ മധ്യസ്ഥതയിൽനിന്നു ഖത്തർ പിന്മാറിയിരുന്നു. ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്.