തിരുവനന്തപുരം: ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനില്‍ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെടും. ഇദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും.
ദൈവത്തിന്റെയും മുൻ തലമുറകൾ ചെയ്ത നൻമകളുടെയും അനുഗ്രഹമാണ് കർദിനാൾ പദവിയെന്ന് ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. സഭയിലെ സ്ഥാനങ്ങൾ നൻമ ചെയ്യാനുള്ള അവസരമാണ്. അടുത്ത വർഷം ഒട്ടേറെ പ്രധാന പരിപാടികളുള്ളതിനാൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്കെത്താൻ സാധ്യത കുറവാണ്. ഇന്ത്യയിലേക്ക് പെട്ടെന്ന് പോയിട്ട് വരാൻ കഴിയില്ല. പന്ത്രണ്ട് ദിവസമെങ്കിലും എടുക്കും. അത്രയും ദിവസം അദ്ദേഹത്തിനു കിട്ടുമോ എന്നറിയില്ല. ഭാരത സന്ദർശനം ഏറെ നാളായുള്ള അദ്ദഹത്തിന്റെ ആഗ്രഹമാണെന്നും ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.
തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. എട്ടാം തീയതി സെന്റ് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്സ ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കും.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ എംഎൽഎമാർ ഉൾപ്പടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്. കേരളത്തിന് അഭിമാനനിമിഷമാണെന്ന് സംഘം പ്രതികരിച്ചു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.