തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം. എന്നാൽ 98 ശതമാനം തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത.
പലപ്പോഴും നമുക്ക് വരുന്ന മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കം ആകും ഇത് എന്നും പറയപ്പെടുന്നു. പെതുവെ ജലദേഷം, അമിത സമ്മർദ്ദം എന്നിവ മൂലം ഈ വേദന ഉണ്ടാകാം. ഇത് അനുഭവപ്പെടുമ്പോൾ ചെറിയ വേദന അല്ലെ എന്ന് കരുതി പലരും വേദന സംഹാരികൾ വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ അത്തരക്കാർ ഒന്ന് മനസ്സിലാക്കണം. തലയിൽ അനുഭവപ്പെടുന്ന എല്ലാ വേദനയും ഒന്ന് അല്ല. വേദന അനുഭവപ്പെടുന്ന സ്ഥാനങ്ങൾ അനുസരിച്ച് അവയുടെ സ്വഭാവത്തിലും മാറ്റം ഉണ്ടാകും. അതിനാൽ പ്രധാനം ഈ സ്ഥാനങ്ങൾ തിരിച്ചറിയുക എന്നതാണ്.
സൈനസൈറ്റിസ് മൂലമോ മൈഗ്രേൻ മൂലമോ ഉള്ള വേദന
മൂക്കിലെ എല്ലുകൾക്കും തലയുടെ മുൻഭാഗത്തിനും കവിളുകൾക്കും കണ്ണുകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്നിടമാണ് സൈനസുകൾ. ഇവിടെ അനുഭവപ്പെടുന്ന വേദനയാണ് ഇത്. ക്ഷീണം, മൂക്കടപ്പ്, പല്ലിന്റെ ഭാഗത്ത് വേദന എന്നിവ ഈ വേദന അനുഭവപ്പെടുന്ന ആളുകളിൽ ഉണ്ടാകാം.ഇത് മൂലം കൺപുരികത്തിലും കവിളുകളിലും തലയുടെ മുൻഭാഗത്തും വേദനയും സമ്മർദ്ദവും അനുഭവപ്പെടാം.
സെർവികോജെനിക് തലവേദന
കഴുത്തിലും തലയുടെ പിൻഭാഗത്തും അനുഭവപ്പെടുന്ന വേദനയാണ് ഇത്. കഴുത്തിൽ തുടങ്ങി തലയുടെ പിന്നിലേക്ക് പടരുന്ന വേദന മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി ഉണ്ടാകാം. കൂടാതെ മൈഗ്രേനിന്റെ ലക്ഷണവും ആകാം ഇത്. കഴുത്ത് അനക്കാൻ പറ്റാത്ത അവസ്ഥയിൽ വരെ വേദന നമ്മെ കൊണ്ട് എത്തിക്കാറുണ്ട്.
ക്ലസ്റ്റർ തലവേദന
കണ്ണിന് ചുറ്റുമുള്ള വേദനയാണ് ഇതിന്റെ ലക്ഷണം.ഏറ്റവും കടുപ്പമേറിയ വേദനകളിൽ ഒന്നായ ഇത് പെട്ടന്ന് അനുഭവപ്പെടുന്ന ഒന്നാണ്. മൂന്ന് മണിക്കൂർ വരെ ഈ വേദന നീണ്ട് നിൽക്കാം. കൂടാതെ സമയം കൂടുന്നത് അനുസരിച്ച് വേദന പതിയെ കവിളിലേക്കും , കഴുത്തിലേക്കും, മൂക്കിലേക്കും എല്ലാം പരക്കാം.
അതേസമയം ഒരു പരിധി വരെ സ്വയം നിയന്ത്രിച്ചാൽ തലവേദനയെ നമുക്ക് അകറ്റി നിർത്താം. ശരീരത്തിലെ ജലാംശം നിലനിർത്തുക. അതിനായി ധാരാളം വെള്ളം കുടിക്കുക. ചെറിയ വേദന അനുഭവപ്പെടുപ്പോൾ ഐസ് നിറച്ച പ്ലാസ്റ്റിക് പാക്കറ്റ് നെറ്റിയിൽ വയ്‌ക്കുക.ഒപ്പം ഇരുട്ടുള്ള മുറിയിലെ ഉറക്കം, തലയ്‌ക്കും കഴുത്തിനും ചൂടും തണുപ്പും നൽകൽ, മസാജ് എന്നിങ്ങനെയുള്ള മാർഗങ്ങളും സ്വീകരിക്കാവുന്നതാണ്.
ഇത് വേദനയ്‌ക്ക് ആശ്വാസം നൽകും.ഇനി ഒന്ന് ഓർക്കുക ആവശ്യമെങ്കിൽ മാത്രം വേദനസംഹാരികൾ കഴിക്കുക. വേദന തുടർന്നാൽ ഡോക്ടറെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുക.
content highlight: migraine-causes-treatment